ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങിയ കൊവിഡ് പരിശോധനാ കിറ്റുകൾ പിൻവലിച്ച് കേന്ദ്രം

രണ്ട് ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങിയ മുഴുവൻ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളും പിൻവലിച്ച് കേന്ദ്രസർക്കാർ. ഗുണനിലവാരമില്ലായ്മയും അമിത വില സംബന്ധിച്ച വിവാദവുമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കിറ്റുകൾ മടക്കാൻ ഐസിഎംആർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. വോണ്ട്‌ഫോ ബയോടെക്, ലിവ്‌സോൺ ഡയഗ്‌നോസ്റ്റിക്‌സ് എന്നീ കമ്പനികളുടെ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളാണ് ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്.
പരിശോധന ഫലത്തിന്റെ കൃത്യതയിൽ സംശയമുയർന്നതിനെ തുടർന്ന് കിറ്റുകളുടെ ഉപയോഗം നിർത്തിവച്ചിരുന്നു. ഐസിഎംആറിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ പരാതികൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയ കിറ്റുകൾ തിരിച്ചുവിളിച്ചു. ചൈനീസ് കമ്പനികൾക്ക് മുൻകൂർ പണം നൽകിയിട്ടില്ലെന്നും ഒരു രൂപ പോലും സർക്കാർ ഖജനാവിൽ നിന്ന് നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്രസർക്കാർ വിശദീകരണ കുറിപ്പ് ഇറക്കി. കിറ്റുകൾ ചൈനീസ് കമ്പനികൾക്ക് തിരിച്ചയക്കും. രാജ്യത്തിന് ആവശ്യമായ പരിശോധന കിറ്റുകൾ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷം റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളുടെ വില സംബന്ധിച്ച വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഐസിഎംആർ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ തുക നിശ്ചയിച്ച കമ്പനികൾക്കാണ് ടെൻഡർ നൽകിയതെന്നും വിശദീകരിച്ചു.
നേരത്തെ ശശി തരൂർ ഉൾപ്പെടെ ഉള്ള നേതാക്കൾ ചൈനയിൽ നിന്ന് കേടുവന്ന കൊവിഡ് പരിശോധനാ കിറ്റുകൾ വാങ്ങിയതിനെ വിമർശിച്ചിരുന്നു. കൂടാതെ നിരവധി സംസ്ഥാനങ്ങളിൽ നിന്നും ഇത് സംബന്ധിച്ച് പരാതി ഉയർന്നു. കേരളത്തിലും ചൈനീസ് കിറ്റുകൾ ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
Story highlights-chineese covid kits, icmr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here