സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകർ ആർത്തിപ്പണ്ടാരങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകർ ആർത്തിപ്പണ്ടാരങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാ നന്മയും നഷ്ടപ്പെട്ട ഇത്തരം ആളുകളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവനന്തപുരം പോത്തൻകോട് യുപി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു വിഭാഗം അധ്യാപകർ ഉത്തരവ് കത്തിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം വൻ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. കെപിഎസ്‌ടിഎ എന്ന സംഘനയിലെ അധ്യാപകരാണ് ഉത്തരവ് കത്തിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്.
പോത്തൻകോട് യുപി സ്കൂളിലെ വിദ്യാർത്ഥികൾ വിഷുക്കൈനീട്ടം കിട്ടിയ തുകയും നാളുകളായി വിവിധ ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയ തുകയുമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പതിനായിരത്തോളം രൂപയാണ് വിദ്യാർത്ഥികൾ മന്ത്രിക്ക് കൈമാറിയത്. ഇത് സമൂഹത്തിന് നൽകുന്നത് വലിയൊരു മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം, ശമ്പളം പിടിക്കുന്നതിനെതിരെ എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ഹൈക്കോടതിയിൽ ഹർജി നൽകി. നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഇവർ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ജീവനക്കാരുടെ അനുമതിയില്ലാതെ നടപ്പാക്കുന്ന നിർബന്ധിത സാലറി കട്ട് നിയമവിരുദ്ധമാണെന്നും അതിനാൽ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജികളിൽ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു കൊണ്ട് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയത്. ഇതിനെതിരെ വ്യാപ വിമർശനം ഉയർന്നിരുന്നു.
Story Highlights: kadakampally surendran against kspta teachers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here