മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടൻ തിരികെ എത്തിക്കുമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടൻ തിരികെ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർ വലിയ കഷ്ടത്തിലാണെന്നും തിരികെ എത്തിക്കുന്നതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ പല സംസ്ഥാനങ്ങളിലും മലയാളികൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരികെ വരേണ്ടവർ നോർക്ക റൂട്ട്സിൻ്റെ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. തിരികെ വരുമ്പോൾ ആരോഗ്യ മുൻകരുതലുകളും സുരക്ഷയും സ്വീകരിക്കും. അതിർത്തിയിൽ ആരോഗ്യവിഭാഗം പരിശോധിക്കും. എല്ലാവർക്കും ക്വാറൻ്റൈൻ നിർബന്ധമാക്കും. പ്രവാസികൾ വരുമ്പോൾ സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകളും ഇവരുടെ കാര്യത്തിലും ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നു വീതം ആളുകൾക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

Story Highlights: The Chief Minister said that the Malayalees who were trapped in other states would be returned soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top