മുംബൈയിൽ 55 വയസിൽ കൂടുതൽ പ്രായമുള്ള പൊലീസുകാർക്ക് അവധി നൽകി

കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബെെയിലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി 55 വയസിൽ കൂടുതല്‍ പ്രായമുള്ള പൊലീസുകാർക്ക് അവധി നൽകി മുംബൈ പൊലീസ്. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ള 52 വയസിൽ അധികം പ്രായമുള്ള പൊലീസുകാർക്കും അവധി അനുവദിച്ചിരിക്കുകയാണ്. പൊലീസുകാരിലും കൊവിഡ് പരക്കാൻ തുടങ്ങിയത് ആശങ്ക ഉളവാക്കിയ സാഹചര്യത്തിലാണ് തീരുമാനം. മൂന്ന് പൊലീസുകാർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
മുംബൈയിലെ പൊലീസുകാരിൽ അൻപത് വയസിൽ അധികം പ്രായമുള്ളവരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും. ഈ പ്രായത്തിലുള്ളവർക്ക് പെട്ടെന്ന് രോഗം വന്ന് ജീവിതം അപകടത്തിലാവുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നടപടികളിലേക്ക് കടക്കുന്നതെന്ന് അധികൃതർ. കൂടാതെ 12 മണിക്കൂർ ജോലി 24 മണിക്കൂർ വിശ്രമം എന്ന ഷിഫ്റ്റ് സംവിധാനത്തിലേക്ക് മെയ് മൂന്ന് വരെ ഡ്യൂട്ടിയിൽ ക്രമീകരണം വരുത്താനും തീരുമാനമായി.
സംസ്ഥാനത്ത് ഇതുവരെ 107 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20 പേർ ഉയർന്ന പദവിയിലിരിക്കുന്നവരാണ്. മുംബൈയിലുള്ള പൊലീസുകാരിലാണ് കൂടുതലും രോഗം കണ്ടെത്തിയത്. അതിനാലാണ് പൊലീസിന്‍റെ അടിയന്തര നടപടികള്‍. കൂടാതെ 20000 പേർക്ക് പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകൾ വിതരണം ചെയ്തു. പൊലീസുകാർക്ക് പ്രത്യേക കൊവിഡ് ആശുപത്രി സജ്ജമാക്കി. ഒപ്പം നിലവിലുള്ള കൊവിഡ് ആശുപത്രിയിൽ പൊലീസുകാർക്ക് പ്രത്യേക ബെഡൊരുക്കി. പൊലീസുകാർക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമായി കൊവിഡ് ഹെൽപ്പ് ലൈൻ നമ്പർ ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമുള്ളത്ര പിപിഇ കിറ്റുകൾ, മാസ്‌ക്കുകൾ, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ ഉറപ്പാക്കി. പുറത്ത് ഡ്യൂട്ടിയുള്ള പൊലീസുകാർക്ക് ഭക്ഷണ കിറ്റുകൾ, റേഷൻ, ചൂട് വെള്ള ഫ്ളാസ്‌ക് തുടങ്ങിയവയും വിതരണം ചെയ്തു. കൂടാതെ കൊവിഡ് പ്രവർത്തനത്തിൽ ജീവൻ നഷ്ടപ്പെടുന്ന പൊലീസുകാർക്കായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
coronavirus, mumbai police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here