ചോര കൊടുത്ത് നന്ദി പറഞ്ഞ് കവളപ്പാറയുടെ മക്കൾ; പ്രളയ സമയത്തെ കൈത്താങ്ങിന്റെ ഓർമ

പ്രകൃതി ദുരന്തത്തിൽ നിന്ന് കര കയറ്റിയവർക്ക് ചോര നൽകി നന്ദി അറിയിച്ച് കവളപ്പാറയിലെ യുവമനസുകൾ. ലോക്ക് ഡൗണിൽ രക്തം നൽകിക്കൊണ്ട് പ്രളയ സമയത്ത് താങ്ങിയ കരങ്ങളെ മറക്കാൻ പറ്റില്ലെന്ന് അറിയിച്ചിരിക്കുകയാണ് കവളപ്പാറക്കാർ. മലപ്പുറം നിലമ്പൂർ കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തിൽ മുപ്പതോളം യുവാക്കളാണ് രക്തം ദാനം ചെയ്തത്. രക്തം നൽകാൻ എത്തിയവരിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് ഉണ്ടായ ദുരന്തത്തിന്റെ ദുരിതം പേറുന്നവരായിരുന്നു. വീട് നഷ്ടപ്പെട്ട് വാടകക്ക് താമസിക്കുന്നവർ, ബന്ധുമിത്രാദികളെ നഷ്ടപ്പെട്ടവർ, രക്ഷാപ്രവർത്തനത്തനത്തിനിടെ ദുരന്തത്തിൽ അകപ്പെട്ട് രക്ഷപെട്ടവർ, ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവർ തുടങ്ങിയവരും രക്തം നൽകി.
ദുരന്ത സമയത്ത് തങ്ങളുടെ നാടിന് താങ്ങായി തണലായി നിന്ന സുമനസുകൾക്ക് വേണ്ടിയും സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും അകമഴിഞ്ഞ് സഹായിച്ചവർക്ക് വേണ്ടിയും നന്ദി സൂചകമായി ഈ രക്തദാനം അവർ സമർപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അനുമതി എടുത്താണ് കവളപ്പാറക്കാർ രക്തം നൽകാൻ എത്തിയത്. പൊലീസും ആരോഗ്യവകുപ്പും നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിച്ച് രക്തദാനം നടത്തി. രക്തദാനത്തിന് കവളപ്പാറ കോളനി കൂട്ടായ്മ കൺവീനർ നേതൃത്വം നൽകി.
kavalappara, flood, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here