കൊവിഡ് സംശയിച്ച് ഹരിയാനയില്‍ ശവസംസ്‌കാരത്തിന് നേരെ കല്ലേറ്

കൊവിഡ് 19 രോഗം സംശയിച്ച് ഹരിയാനയില്‍ 60 വയസുകാരിയുടെ ശവസംസ്‌കാര ചടങ്ങിന് നേരെ പ്രദേശവാസികളുടെ കല്ലേറ്. മരിച്ച സ്ത്രീക്ക് കൊവിഡ് 19 രോഗബാധയുണ്ടായിരുന്നോ എന്ന് സംശയിച്ചാണ് ജനക്കൂട്ടം ശവസംസ്‌കാരത്തിന് എത്തിയ ഡോക്ടര്‍മാരെയും പൊലീസുകാരെയും കല്ലെറിഞ്ഞത്. ശ്വാസതടസം മൂലമാണ് സ്ത്രീ മരിച്ചത്. പൊലീസുമായി പരസ്യമായി ഏറ്റുമുട്ടിയ പ്രദേശവാസികളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ജനങ്ങള്‍ പിരിഞ്ഞുപോയതിന് ശേഷമാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തനായത്. മരിച്ച സ്ത്രീയുടെ കൊവിഡ് പരിശോധനാ ഫലം ലഭ്യമായിട്ടില്ല.

”സ്ത്രീക്ക് ആസ്മയുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് വന്നു. ചികിത്സയിലിരിക്കെ അവര്‍ മരിച്ചു. കൊവിഡ് 19 പരിശോധനക്ക് വേണ്ടി സാമ്പിള്‍ ശേഖരിക്കുകയും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശവസംസ്‌കാരത്തിന് വേണ്ടി ജില്ലാ ഭരണകൂടം നിര്‍ദേശിച്ച സ്ഥലത്ത് മൃതദേഹം എത്തിച്ചു നല്‍കുകയുമായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെയും സംശയിക്കുന്നയാളിന്‍േറയും ശവസംസ്‌കാരത്തിനുള്ള നടപടിക്രമങ്ങള്‍ സമാനമാണ്. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഗ്രാമവാസികള്‍ അനാവശ്യമായാണ് ശവസംസ്‌കാരത്തെ എതിര്‍ക്കുന്നതെന്നും’ സിവില്‍ സര്‍ജന്‍ ഡോ കുല്‍ദീപ് സിംഗ് പറഞ്ഞു.

‘എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്ന് അറിയിച്ച് അവരെ അനുനയിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ അവര്‍ ശ്രദ്ധിച്ചില്ല. ഇടനെ അവര്‍ ഡോക്ടര്‍മാര്‍ക്കും പൊലീസുകാര്‍ക്കും നേരെ കല്ലെറിയാന്‍ തുടങ്ങി.അവര്‍ ആംബുലന്‍സിനും കേടുവരുത്തി. ജനക്കുട്ടത്തെ പിരിച്ചുവിടാന്‍ ഞങ്ങള്‍ക്ക് കുറച്ച് ബലം പ്രയോഗിക്കേണ്ടതായി വന്നു.” -അംബാല കണ്ടോണ്‍മന്റെ് ഡിഎസ്പി രാം കുമാര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ചതിനും പൊലീസിനെയും ഡോക്ടര്‍മാരെയും കല്ലെറിഞ്ഞതിനും പ്രദേശവാസികള്‍ക്കെതിരെ കേസെടുത്തതായും ഡിഎസ്പി കൂട്ടിച്ചേര്‍ത്തു. അംബാലയില്‍ 12 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച ഹരിയാനയില്‍ 289 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Story Highlights- Residents Protest Cremation Of covid Suspect, Throw Stones At Haryana Cops, Doctors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top