സ്വന്തം നാട്ടിലെത്തി മണിക്കൂറുകൾക്കകം മരണം; പണമില്ലാത്തതിനാൽ നടന്നും കിട്ടിയ വാഹനത്തിൽ യാത്ര ചെയ്തും യുവാവ് താണ്ടിയത് 1500 കിമി

മുംബൈയിൽ നിന്ന് സ്വന്തം നാടായ ഉത്തർപ്രദേശിലേക്ക് കാൽനടയായും കിട്ടിയ വാഹനത്തിൽ യാത്ര ചെയ്തും എത്തിയ യുവാവ് മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ദിവസവേതന തൊഴിലാളിയായ ഇൻസാഫിന് പണമില്ലാതായി, ജീവിക്കാൻ വകയില്ലാതായി. നാട്ടിലായാൽ സ്വന്തം കുടുംബത്തിനൊപ്പം ജീവിക്കാലോ എന്ന ചിന്തയാണ് 35 കാരനായ ഇൻസാഫിനെ നാട്ടിലേക്ക് പുറപ്പെടാൻ പ്രേരിപ്പിച്ചത്. എന്നാൽ സ്വന്തം നാട്ടിലെത്തി കുടുംബാംഗങ്ങളെ ഒരുനോക്ക് കാണാനാവുന്നതിന് മുമ്പേ തന്നെ ഇൻസാഫ് വിട പറഞ്ഞു.
14 ദിവസത്തെ യാത്രയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഇൻസാഫ് അലി ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമമായ മത്ഖാൻവാ ഗ്രാമത്തിൽ എത്തിചേർന്നത്. തുടർന്ന് അധികൃതർ ഇൻസാഫിനെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഇൻസാഫ് മരിച്ചു. ഇൻസാഫിന്റെ കൊവിഡ് പരിശോധനാ ഫലങ്ങൾ ലഭിച്ചിട്ടില്ല. ഫലം നെഗറ്റീവാണെങ്കിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇൻസാഫിന്റെ കുടുംബാംഗങ്ങളെയെല്ലാം ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏപ്രിൽ 13ന് ഇൻസാഫ് ഭാര്യയായ സൽമയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തന്റെ കയിലുള്ള പണം തീരുന്നുവെന്നും ആഴ്ചകളായി ജോലിയില്ലെന്നും ഇൻസാഫ് പറഞ്ഞു. സ്വന്തം ഗ്രാമത്തിലെത്തിയാൽ കുടുംബാംഗങ്ങൾക്കൊപ്പമെങ്കിലും ജീവിക്കാമെന്ന് ഇൻസാഫ് സൽമയോട് പറഞ്ഞു. യാത്രാ മധ്യേ ഇൻസാഫ് സൽമയുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഇൻസാഫ് ഝാൻസിയിൽ എത്തിയത്. പകുതി ദൂരം നടന്നും ട്രക്കിലുമായായിരുന്നു യാത്ര. ട്രക്ക് ഡ്രൈവർക്ക് 3000 രൂപ കൊടുത്തതായി ഇൻസാഫ് സൽമയോട് പറഞ്ഞു. കയിൽ ആകെയുണ്ടായിരുന്ന 5000 രൂപയിൽ 3000 രൂപയാണ് ട്രക്ക് ഡ്രൈവർക്ക് നൽകിയത്. പിന്നീട് ബഹ്രൈച് വരെ നടന്നു. അവിടെ വച്ച് ഞായറാഴ്ച രാത്രി പൊലീസ് ഇൻസാഫിനെ മടക്കി അയച്ചു. എന്നാൽ മടങ്ങി പോകാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇൻസാഫ് ഒളിച്ചിരുന്നു. രാത്രി എവിടെയോ കഴിച്ചുകൂട്ടിയെന്നും അന്ന് രാത്രിയോടെ തന്നെ ഇൻസാഫിന്റെ ഫോൺ ബാറ്ററി തീർന്നുവെന്നും സൽമ പറഞ്ഞു. ഭക്ഷണമില്ലാതെ ബിസ്‌ക്കറ്റും വെള്ളവും മാത്രം കഴിച്ചായിരുന്നു ഇൻസാഫിന്റെ യാത്രയെന്നും ദിവസങ്ങൾക്ക് ശേഷം ബിസ്‌കറ്റും തീര്ന്നായിരുന്നുവെന്നും സൽമ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ സൽമയുമായി ഫോണിലൂടെ ബന്ധപ്പെട്ട ഇൻസാഫ് ഭാര്യയോടെ മത്ഖാൻവാ ഗ്രാമത്തിലേക്കെത്താൻ നിർദേശിച്ചു. എന്നാൽ സൽമ എത്തുന്നതിന് മുമ്പേ ഇൻസാഫ് മരിച്ചു. ഇൻസാഫിന്റെ മൃതദേഹം പോലും കുടുംബത്തിന് കാണാൻ സാധിച്ചില്ല.
Story Highlights- lock down, death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here