ഇർഫാൻ ഖാന്റെ വിയോഗം; അനുശോചനങ്ങൾ അർപ്പിച്ച് ക്രിക്കറ്റ് ലോകം

ബോളിവുഡ് നടൻ ഇർഫാൻ ഖാൻ്റെ വിയോഗത്തിൽ അനുശോചനങ്ങൾ അർപ്പിച്ച് ക്രിക്കറ്റ് ലോകം. യുവരാജ് സിംഗ്, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, വീരേന്ദർ സെവാഗ് തുടങ്ങി ഒട്ടേറെ താരങ്ങൾ ട്വിറ്ററിലൂടെ തങ്ങളുടെ അനുശോചനം അറിയിച്ചു. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇർഫാൻ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

‘ഈ യാത്ര എനിക്ക് പരിചിതമാണ്. ഈ വേദന എനിക്കറിയാം. അവസാനം വരെ താങ്കൾ പൊരുതിയെന്നും എനിക്കറിയാം. ചിലർക്ക് അതിജീവിക്കാനുള്ള ഭാഗ്യം ലഭിക്കും. ചിലർക്ക് ലഭിക്കില്ല. നിങ്ങൾ കൂടുതൽ മികച്ച സ്ഥലത്താണ് ഇപ്പോഴുള്ളതെന്ന് എനിക്കുറപ്പുണ്ട്. ഇർഫാന്റെ കുടുംബത്തിന് എന്റെ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’ – ക്യാൻസറിനെ തോല്പിച്ച യുവരാജ് കുറിച്ചു.

‘ഇർഫാൻ ഖാൻ്റെ വിയോഗ വാർത്ത വിഷമത്തോടെയാണ് കേട്ടത്. എൻ്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഏകദേശം എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അവസാനം കണ്ടത് അംഗ്രേസി മീഡിയം ആയിരുന്നു. വളരെ ആനായാസമാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരുന്നത്. ഉജ്ജ്വലമായിരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്ക് അനുശോചനം അർപ്പിക്കുന്നു’- സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

‘ഇർഫാൻ ഖാൻ്റെ വിയോഗ വാർത്ത വിഷമം ഉണ്ടാക്കി. എന്തൊരു അസാധാരണ പ്രതിഭ ആയിരുന്നു. വ്യത്യസ്തതയിലൂടെ എല്ലാവരുടെയും ഹൃദയം സ്പർശിച്ച ആളാണ്. അദ്ദേഹത്തിൻ്റെ ആത്മാവിനു സമാധാനം ഉണ്ടാവട്ടെ’- വിരാട് കോലി.

‘മഹാനായ നടനും പ്രതിഭയും. കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അർപ്പിക്കുന്നു’- വീരേന്ദർ സെവാഗ്.

‘ഇർഫാൻ ഖാൻ്റെ മരണ വാർത്ത കേട്ട് വിഷമമായി. നല്ല കഴിവും ഉയർന്ന ടാലൻ്റുമുള്ള ഒരു നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഉറപ്പായും മിസ് ചെയ്യും. കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അർപ്പിക്കുന്നു’- സുരേഷ് റെയ്ന.

‘ആർഐപി ഇർഫാൻ ജി. നടൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും താങ്ങളുടെ അസാമാന്യ പ്രകടനങ്ങൾ ആസ്വദിച്ചിട്ടുണ്ട്. കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനവും പ്രാർത്ഥനകളും’- ശിഖർ ധവാൻ.

‘ഇർഫാൻ ഖാൻ്റെ വിയോഗ വാർത്ത വിഷമം ഉണ്ടാക്കി. കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അർപ്പിക്കുന്നു. എൻ്റെ ഏറ്റവും പ്രിയപ്പെറ്റ നടന്മാരിൽ ഒരാൾ പെട്ടെന്ന് പോയിരിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ എക്കാലവും ഉണ്ടാവും. ആർഐപി ഇർഫാൻ’- മുഹമ്മദ് കൈഫ്.

Story Highlights: cricketers mourn death of actor irrfan khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top