തരിശ് ഭൂമിയിൽ കൃഷി; കൃഷിവകുപ്പിന്റെ പദ്ധതി അടുത്ത മാസം മുതൽ നടപ്പിലാക്കും

തരിശ് ഭൂമിയിൽ കൃഷി ഇറക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതി അടുത്ത മാസം മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തരിശ് ഭൂമിയാകെ കൃഷി ചെയ്യുന്ന രീതിയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
“കാർഷിക മേഖലക്ക് പുതുജീവൻ നൽകി കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുക, യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുക, ജോലി നഷടപ്പെട്ട് തിരിച്ചു വരാനിടയുള്ള പ്രവാസികളെ കൂടി കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക എന്നിവയും കൃഷിവകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. കഴിഞ്ഞ ആഴ്ച ബന്ധപ്പെട്ട മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ കൊവിഡ് 19 ബാധയുടെ ആഘാതം മറികടന്ന് കൃഷിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനുള്ള നിർദ്ദേശങ്ങളാണ് ചർച്ച ചെയ്തത്. ഇതനുസരിച്ച് കൃഷിവകുപ്പ് തയ്യാറാക്കിയ കരട് പദ്ധതി ഇന്ന് ചേർന്ന സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും യോഗം പരിഗണിച്ചു. ചർച്ചയിൽ വന്ന നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് പദ്ധതിക്ക് അവസാന രൂപം നൽകാനും നടപ്പിലാക്കാനുമുള്ള നടപടികൾ പെട്ടെന്ന് തന്നെ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്”- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരിൽ 6 പേർ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകൾ രണ്ട് പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു.
Story Highlights: Cultivation on fallow land; The Agriculture Department’s plan will be implemented from next month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here