യുഎസ് പൈലറ്റുമാർ ചിത്രീകരിച്ച പറക്കും തളികകൾ; വീഡിയോകൾ പുറത്തുവിട്ട് പെന്റഗൺ

യുഎസ് പൈലറ്റുമാർ ചിത്രീകരിച്ച മൂന്ന് പറക്കും തളികകളുടെ വീഡിയോ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻ്റഗൺ. 2004 ലും 2015 ലും ചിത്രീകരിച്ച വീഡിയോകളാണ് പെൻ്റഗൺ ഔദ്യോഗികമായി പങ്കുവച്ചത്. തിരിച്ചറിയാനാവാത്ത ആകാശക്കാഴ്ച എന്ന വിശേഷണത്തോടെയാണ് മൂന്ന് വീഡിയോകളും പുറത്തുവിട്ടത്. വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമ്യൈ പ്രചരിക്കുകയാണ്.

2004ൽ ചിത്രീകരിച്ച ഒരു വീഡീയോയും 2015ൽ ചിത്രീകരിച്ച രണ്ട് വീഡിയോകളും കഴിഞ്ഞ ദിവസമാണ് പെൻ്റഗൺ പങ്കുവച്ചത്. 2004ലെ വീഡിയോയിൽ പസഫിക് സമുദ്രത്തിനു മുകളിൽ വൃത്താകൃതിയിലുള്ള ഒരു വസ്തു അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നതിൻ്റെ അവ്യക്ത ചിത്രം കാണാം. പിന്നീട് ഇത് അതിവേഗം ഉയരുന്നു. അക്കാലത്ത് തന്നെ ഈ വീഡിയോകൾ പുറത്തായിരുന്നു എങ്കിലും ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 2017 ല്‍ അനൗദ്യോഗികമായി പുറത്തിറങ്ങിയ ഈ വിഡിയോകൾ നേരത്തെ ന്യൂ യോര്‍ക്ക് ടൈംസും പ്രസിദ്ധികരിച്ചിരുന്നു.

2015ലെ രണ്ട് വീഡിയോകളിലും ആകാശത്ത് അതിവേഗം സഞ്ചരിക്കുന്ന ചില വസ്തുക്കളാണ് ഉള്ളത്. ഇതിൽ ഒരെണ്ണം വട്ടം കറങ്ങുന്നുണ്ട്. 2019ൽ ഇതുപോലൊരെണ്ണം കണ്ടു എന്നും പൈലറ്റുമാർ അവകാശപ്പെടുന്നു. പറക്കും തളികകൾ കണ്ടു എന്ന രീതിയിൽ മുൻകാലത്തുണ്ടായ ചില റിപ്പോർട്ടുകളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന അവ്യക്തത മാറ്റാനാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് പെൻ്റഗൺ പറയുന്നു.

അക്കാലത്ത്, അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണ് (യുഎഫ്ഒ) ഇതെന്ന് ചിലരും ഇതൊക്കെ വ്യാജമാണെന്ന് മറ്റു ചിലരും വാദിച്ചിരുന്നു. എന്നാൽ പെന്റഗണിന്റെ വെളിപ്പെടുത്തലോടെ വിഡിയോ സത്യമെന്നു തെളിഞ്ഞിരിക്കുകയാണ്.

Story Highlights: Pentagon Has Officially Released 3 UFO Videos Shot By US Navy Pilots In The Past

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top