ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തം; ആറു മേഖലകളാക്കി തിരിച്ച് പരിശോധനകള്‍

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം റാന്‍ഡം പരിശോധനയില്‍ കൊവിഡ് പോസിറ്റിവായ മൂന്നു പേരുടെ ഉള്‍പ്പെടെ കൂടുതല്‍ പരിശോധന ഫലം ഇന്നു പുറത്തു വന്നേക്കും.

റെഡ് സോണായതോടെ ഇടുക്കി ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ച് ജില്ലയെ ആറു മേഖലകളാക്കി തിരിച്ചാണ് പൊലീസ് പരിശോധനകള്‍ നടത്തുന്നത്. മാസ്‌ക് ധരിക്കാതെയും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.

ഇന്നലെ മാത്രം 334 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് വയ്ക്കാതെ നിരത്തിലിറങ്ങിയ 118 പേര്‍ക്കെതിരെയും ലോക്ക്ഡൗണ്‍ ലംഘനത്തിന് 216 പേര്‍ക്കെതിരെയും കേസെടുത്തു. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തോട്ടം മേഖലകളിലെ ജോലികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

മൂന്നാര്‍, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതോടെ 13 ഹോട്ട് സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. റാന്‍ഡം ടെസ്റ്റില്‍ കൊവിഡ് പോസീറ്റിവായ മൂന്നു പേരുടെ പുനഃപരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും. ജില്ലയിലാകെ 379 പേരുടെ പരിശോധനഫലം പുറത്തു വരുവാനുണ്ട്. 1462 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്.

Story Highlights: coronavirus, idukki,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top