Advertisement

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന: യുഎസ് കമ്മീഷൻ

April 29, 2020
Google News 2 minutes Read

ഇന്ത്യയിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കമ്മീഷൻ ഇന്ത്യയെ ഉൾപ്പെടുത്തുകയും ചെയ്തു. പാകിസ്താൻ, ചൈന, ഉത്തര കൊറിയ, ബർമ, ഇറാൻ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സിറിയ, താജിക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കമ്മീഷൻ വിമർശിച്ചു.

ആഭ്യന്തര മന്ത്രിയുടെ കുടിയേറ്റക്കാർക്കെതിരായ പ്രസ്താവനകൾ, പൗരത്വനിയമ ഭേദഗതി, നിയമ ഭേദഗതിക്കെതിരെ ഉണ്ടായ കലാപം, പ്രക്ഷോഭക്കാരെ വെടിയുണ്ടകൾകൊണ്ട് നേരിടുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന എന്നീ കാര്യങ്ങൾ കമ്മീഷന്റെ വാർഷിക റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

2019ൽ വൻഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ വീണ്ടുമെത്തിയതിന് ശേഷം പാർലമെന്റിലെ പാർട്ടിയുടെ ഭൂരിപക്ഷം രാജ്യം മുഴുവൻ മതസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നയങ്ങൾ രൂപപ്പെടുത്താനായി ഉപയോഗിച്ചു. പ്രത്യേകിച്ചും മുസ്ലിം മതവിഭാഗത്തിനെതിരെ എന്നും കമ്മീഷൻ.

സർക്കാർ തന്നെ മതസ്വാതന്ത്ര്യം നിഷേധിക്കാൻ നടപടികൾ എടുക്കുന്ന പ്രത്യേക സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും കമ്മീഷൻ. മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കുന്ന രീതിയും വര്‍ധിച്ചു. മതസ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളായ സർക്കാർ ഏജൻസികളെയും ഉദ്യോഗസ്ഥർക്കെതിരെയും ഉപരോധിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.

അതേസമയം മതസ്വാതന്ത്ര്യ നിഷേധമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയതിനെതിരെ ചില കമ്മീഷൻ അംഗങ്ങള്‍ രംഗത്ത് വന്നുവെന്നും വിവരമുണ്ട്. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളേപ്പോലെയല്ല ഇന്ത്യയെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് അതെന്നും എതിർപ്പുന്നയിച്ചവർ പറയുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കമ്മീഷൻ റിപ്പോർട്ട് തള്ളി. ഇത് പക്ഷപാതപരമാണ്. ഇന്ത്യക്കെതിരെയുള്ള ഇത്തരം പരാമർശങ്ങൾ പുതിയതല്ലെന്നും സ്വന്തം കമ്മീഷണർമാരെപ്പോലും വിശ്വാസത്തിലെടുക്കാൻ കമ്മീഷനായിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ.

Story highlights-uscrf says increase in attacks on religious minorities in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here