പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങി; യുവാവ് തിരികെ വന്നത് ഭാര്യയുമായി

പച്ചക്കറി വാങ്ങാൻ പോയ യുവാവ് തിരികെ വന്നത് തൻ്റെ ഭാര്യയുമായി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പച്ചക്കറി വാങ്ങാൻ പുറത്തു പോയ യുവാവാണ് തൻ്റെ ഭാര്യയുമായി വീട്ടിലെത്തിയത്. യുവാവിൻ്റെ അമ്മ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് സംഭവം വാർത്ത ആവുകയായിരുന്നു.
ബുധനാഴ്ചയാണ് യുവാവിൻ്റെ അമ്മ സാഹിബാബാദ് പൊലീ സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയത്. താൻ പച്ചക്കറി വാങ്ങാനയച്ച മകൻ അവൻ്റെ ഭാര്യക്കൊപ്പം വീട്ടിലേക്ക് തിരികെ വന്നു എന്നായിരുന്നു പരാതി. തന്നോട് പറയാതെയാണ് മകൻ വിവാഹം കഴിച്ചതെന്നും ഈ വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
രണ്ട് മാസം മുൻപ് തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് മകൻ ഗുഡ്ഡു പറയുന്നത്. “സവിതയുമായി രണ്ട് മാസങ്ങൾക്ക് മുൻപാണ് ഞാൻ വിവാഹം കഴിക്കുന്നത്. ഹരിദ്വാറിലെ ആര്യ സമാജ് മന്ദിറിൽ വെച്ചായിരുന്നു വിവാഹം. സാക്ഷികൾ കുറവായതിനാൽ ആ സമയത്ത് ഞങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. വീണ്ടും ഹരിദ്വാറിൽ പോയി വിവാഹ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ഞാൻ കരുതിയിരുന്നു എങ്കിലും ലോക്ക് ഡൗൺ ആയതിനാൽ അതിനും സാധിച്ചില്ല. ഹരിദ്വാറിൽ നിന്ന് വന്നതിനു ശേഷം സവിത ഡൽഹിയിലെ ഒരു വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പക്ഷേ, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അവളോട് വാടക വീട് ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് സവിതയെ ഞാൻ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്ന് ഞങ്ങൾ അമ്പലത്തിൽ വെച്ച് കെട്ട് നടത്തി. ലോക്ക് ഡൗൺ മാറിയതിനു ശേഷം വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാൻ സഹായിക്കാമെന്നാണ് പൂജാരി പറഞ്ഞിട്ടുണ്ട്.”- 26കാരനായ ഗുഡ്ഡു പൊലീസിനോട് വെളിപ്പെടുത്തി.
ഡൽഹിയിലുള്ള സവിതയുടെ വീട്ടുടമയുമായി ബന്ധപ്പെട്ട പൊലീസ് ഇരുവരെയും അവിടെ താമസിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
Story Highlights: He went out to buy groceries amid lockdown, returned home with wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here