തമിഴ്നാട്ടിൽ അവശ്യസാധനങ്ങൾ വാങ്ങാൻ ജനം കൂട്ടത്തോടെ തെരുവിൽ

തമിഴ്നാട്ടിൽ കടകൾക്ക് മുന്നിൽ നീണ്ട ക്യൂ. അവശ്യസാധനങ്ങൾ വാങ്ങാൻ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി. നാല് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിന് ശേഷം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നതോടെ റെഡ് സോൺ മേഖലയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കോയമ്പത്തൂര്‍, ചെന്നൈ, മധുര തുടങ്ങിയ ന​ഗരങ്ങളിലാണ് തിരക്ക് അനുഭവപ്പെടുന്നത്. റെഡ് സോൺ മേഖലയിലാണ് ഇൗ മൂന്ന് സ്ഥലങ്ങളും ഉൾപ്പെട്ടിരിക്കുന്നത്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, അവശ്യവസ്‌തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ വൈകിട്ട്‌ അഞ്ചു വരെ തുറക്കാമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചിരുന്നു. മേയ്‌ ഒന്നിന്‌ ഉച്ചയ്‌ക്ക്‌ ഒന്നു വരെയേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ. രാജ്യവ്യാപകമായി മേയ്‌ മൂന്നു വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ‌ഡൗണ്‍ നിബന്ധനകളില്‍ മാറ്റമുണ്ടാകില്ല. കടകളിലും മറ്റും പോകുന്നവര്‍ മാസ്‌ക്‌ നിര്‍ബന്ധമായും ധരിക്കണമെന്നും നിർദേശമുണ്ട്.

സംസ്‌ഥാനത്ത് 2058 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ മരിച്ചു. അതിനിടെ12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് ചൊവ്വാഴ്‌ച കൊവിഡ്‌ സ്‌ഥിരീകരിച്ചത്‌ ആശങ്കയ്‌ക്ക് വഴിവച്ചു. കുട്ടികള്‍ക്ക് കൂട്ടത്തോടെ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചത്‌ സാമൂഹിക വ്യാപനത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുണ്ടായെങ്കിലും സംസ്‌ഥാന അത് നിരാകരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top