പിക്സർ അനിമേറ്ററും നിരവധി അനിമേഷൻ കഥാപാത്രങ്ങളുടെ ചിത്രകാരനും ആയിരുന്ന റോബ് ഗിബ്സ് അന്തരിച്ചു
പിക്സർ അനിമേഷൻ സ്റ്റുഡിയോയിലെ സംവിധായകനും നിരവധി അനിമേഷൻ കഥാപാത്രങ്ങളുടെ ചിത്രകാരനും ആയിരുന്ന റോബ് ഗിബ്സ് അന്തരിച്ചു. 55 വയസ്സായിരുന്നു. മരണ കാരണം അറിവായിട്ടില്ല. പിക്സറിൽ 20 വർഷത്തിൽ അധികം നീണ്ട കരിയറിനു ശേഷമാണ് റോബ് മരണപ്പെടുന്നത്. അദ്ദേഹത്തിൻ്റെ മകൾ മേരി ഗിബ്സ് മോൺസ്റ്റേഴ്സ് ഇൻക് എന്ന സിനിമയിലെ ബൂ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിട്ടുണ്ട്.
അപ്, വാൾ-ഇ, ടോയ്സ്റ്റോറി 2, ഫൈൻഡിംഗ് നീമോ, മോൺസ്റ്റേഴ്സ് ഇൻക്, ഇൻസൈഡ് ഔട്ട്, ഇൻക്രേഡിബിൾസ് 2 തുടങ്ങി ഒട്ടേറെ അനിമേഷൻ സിനിമകളുടെ ചിത്രകാരനായിരുന്നു അദ്ദേഹം. ഡിസ്നി പ്ലസിൽ വരാനിരിക്കുന്ന മോൺസ്റ്റേഴ്സ് അറ്റ് വർക്ക് എന്ന അനിമേഷൻ സീരീസിലും ഹമ്പ് എന്ന സിനിമയിലും അദ്ദേഹം പങ്കായിട്ടുണ്ട്. കാലിഫോർണിയയിലെ സാൻ റഫേലിൽ താമസിക്കുന്ന റോബ് ഹമ്പ് എന്ന സിനിമയുടെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് മരണപ്പെടുന്നത്.
കാലിഫോർണിയയിലെ എസ്കോൻഡിഡോയിൽ ജനിച്ച ഗിബ്സ് ചെറുപ്രായത്തിൽ ലൂണി ടൂൺസും പോപെയ് കാർട്ടൂണുകളും കണ്ടാണ് അനിമേഷൻ രംഗത്തേക്ക് ആകർഷിക്കപ്പെടുന്നത്. പലോമർ കോളജിലും കാൽആർട്ട്സിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഷോർട്ട് ഫിലിമുകളിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഫേൺഗള്ളിക്ക് വേണ്ടി അനിമേഷൻ ജോലികൾ ചെയ്യാൻ ആരംഭിച്ചു. തുടർന്ന് വാൾട്ട് ഡിസ്നി അനിമേഷൻ വിഭാഗത്തിൽ അഞ്ച് വർഷത്തോളം ജോലി ചെയ്ത അദ്ദേഹം അവിടെ മൂന്ന് സിനിമകളിൽ ജോലി ചെയ്തു.
1998ൽ പിക്സറിൽ ജോയിൻ ചെയ്ത അദ്ദേഹം 99ൽ ടോയ് സ്റ്റോറി 2വിൻ്റെ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റായാണ് തുടങ്ങിയത്.
Story Highlights: Rob Gibbs, The Man Behind ‘Finding Nemo’ & ‘Toy Story’ Passes Away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here