കൊവിഡ് പരിശോധനാ ഫലം വരാൻ വൈകുന്നു; മൃതദേഹം മറവു ചെയ്യാനാകാതെ വീട്ടുകാർ

കൊവിഡ് ഭീതി കൊവിഡ് പരിശോധനാ ഫലം വരാൻ വൈകുന്നതിനെ തുടർന്ന് മൂന്ന് ദിവസമായിട്ടും മൃതദേഹം മറവു ചെയ്യാനാകാതെ ദുരിതത്തിലായി വീട്ടുകാര്‍. ഹോട്ട്‌സ്‌പോട്ട് മേഖലയില്‍പെട്ട തൊടുപുഴ കുമ്മംകല്ലിലാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട 45 കാരിയുടെ മൃതദേഹം മൂന്നു ദിവസമായിട്ടും മറവു ചെയ്യാനാവാതെ വീട്ടുകാര്‍ ദുരിതത്തിലായിരിക്കുന്നത്.

ഏപ്രിൽ 27നാണ് തൊടുപുഴ കുമ്മംകല്ല് സ്വദേശിനിയെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28 നു രാവിലെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് മരണപെടുകയുമായിരുന്നു. ദീര്‍ഘ നാളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവർ ചികിത്സയിലായിരുന്നു.

27ആം തിയതി ഇവര്‍ താമസിച്ചിരുന്ന വാർഡിലെ കൗണ്‍സിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ മരണപ്പെട്ട ആളുടെ സ്രവം പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുവാന്‍ പാടുള്ളു എന്ന് തഹസില്‍ദാര്‍ നിർദ്ദേശം നൽകിയതോടെ മൃതശരീരം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസമായിട്ടും ഫലം വരാത്തതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടില്ല.

മരണപ്പെട്ട ആളുടെ സഹോദരന്റെ വീട്ടിലാണ് ബന്ധുക്കള്‍ എല്ലാവരും കഴിയുന്നത്. മൃതദേഹം സംസ്‌കരിക്കുവാന്‍ അടിയന്തിര നടപടി ഒരുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരണപ്പെട്ട ആളുടെ പരിശോനാ ഫലം എത്രയും വേഗം ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചതായി തൊടുപുഴ തഹസില്‍ദാര്‍ വ്യകതമാക്കി.

Story Highlights: Covid test results delayed; The family were unable to bury the body

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top