അടുത്തത് റൈഫിൾ ഷൂട്ടിംഗ്; ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പുമായി മനോജ് തിവാരി

ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം റൈഫിൾ ഷൂട്ടിംഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. അത് എളുപ്പമാവില്ലെന്നും എങ്കിലും റൈഫിൾ ഷൂട്ടിംഗിനു വേണ്ടി സമയം മാറ്റി വെക്കാൻ ശ്രമിക്കുമെന്നും തിവാരി പറഞ്ഞിരുന്നു. കൗ കോർണർ ക്രോണിക്കിൾസ് എന്ന ചാറ്റ് ഷോയിലാണ് തിവാരി മനസ്സു തുറന്നത്.

“100 മീറ്റർ റൈഫിൽ ഷൂട്ടിംഗിൽ ഞാൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരുപക്ഷേ, നിങ്ങൾ കണ്ടേക്കാം. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാല്‍ വ്യക്തി എന്ന നിലയില്‍ എനിക്ക്‌ വേറേയും ഒരുപാട്‌ ഉത്തരവാദിത്തങ്ങളുണ്ട്‌. അത് എളുപ്പമല്ല. എങ്കിലും, ഈ തിരക്കിനിടയിൽ എങ്ങനെ ഇതിനായി സമയം കണ്ടെത്താനാവുമെന്ന്‌ ഞാന്‍ ആലോചിക്കുന്നുണ്ട്.”- തിവാരി പറഞ്ഞു.

കഴിവുണ്ടായിട്ടും ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കാതെ പോയ കളിക്കാരനാണ് ബംഗാളുകാരനായ മനോജ് തിവാരി. ഇന്ത്യക്കായി 12 ഏകദിനങ്ങളും 3 ടി-20കളും മാത്രമാണ് തിവാരി കളിച്ചത്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള തിവാരിയെ കഴിഞ്ഞ രണ്ട് ഐപിഎൽ ലേലത്തിലും ഫ്രാഞ്ചസികൾ തഴഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ദുലീപ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം തിവാരി സെലക്ടർമാർക്കെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശ പങ്കുവച്ച അദ്ദേഹം ഇനിയുമെങ്ങനെ മെച്ചപ്പെടുത്തണമെന്ന് പറഞ്ഞാൽ അങ്ങനെ ശ്രമിക്കാമെന്നും അറിയിച്ചിരുന്നു.

Story Highlights: Manoj Tiwary Aiming To Represent India At The Olympics Post His Retirement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top