‘ഗംഭീർ കാപട്യക്കാരൻ, ക്രെഡിറ്റ് തട്ടിയെടുക്കുന്നവൻ’; രൂക്ഷ വിമർശനവുമായി മനോജ് തിവാരി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ ടീമിന്റെ ബോളിങ് കോച്ചായി മോർണി മോർക്കൽ, അസിസ്റ്റന്റ് കോച്ചായി അഭിഷേക് നായർ എന്നിവരെ നിയമിച്ചതിനെതിരെയും തിവാരി രംഗത്തെത്തി.
ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം നടത്തിയിട്ടും ജലജ് സക്സേനയെ പരിഗണിക്കാത്തതിലും തിവാരി വിമർശനം ഉന്നയിച്ചു. ആരും ജലജ് സക്സേനയെ കുറിച്ച് പറയുന്നില്ല. അദ്ദേഹം നന്നായി കളിച്ചിട്ടും എല്ലാവരും മിണ്ടാതിരിക്കുകയാണ്.
ഗൗതം ഗംഭീറിനൊപ്പം കൊൽക്കത്തയിൽ കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി. ഈ കാലയളവിലായിരുന്നു കൊൽക്കത്ത ഐപിഎൽ കിരീടം നേടിയിരുന്നത്. ശേഷം ഗംഭീർ മെന്ററായിരുന്ന കഴിഞ്ഞ വർഷവും കിരീടം നേടി.
ഐപിഎല്ലിൽ മാത്രമാണ് ഗംഭീറിന്റെ നേട്ടങ്ങൾ. കൊൽക്കത്ത കപ്പടിച്ചപ്പോൾ കാലിസിന്റെയും സുനിൽ നരെയ്ന്റെയും എന്റെയും പ്രകടനങ്ങളുണ്ടായിരുന്നു. ക്രെഡിറ്റ് ഗംഭീറിന് മാത്രം തട്ടിയെടുക്കാൻ വേണ്ടിയുള്ള പിആര്‍ ആയിരുന്നു അവിടെ. അന്നത്തെ സാഹചര്യവും അതായിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈക്കാരനാണ്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരും മുംബൈ സ്വദേശിയാണ്. രോഹിത്തിനെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് എപ്പോഴും നടക്കുന്നത്. മനോജ് തിവാരി പറഞ്ഞു.
സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയും ശേഷം ബോർഡർ ഗാവസ്‌കർ ട്രോഫിയും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് തിവാരിയുടെ വിമർശനം. ഗൗതം ഗംഭീർ വെറുമൊരു കാപട്യക്കാരനാണ്. പറഞ്ഞതല്ല ചെയ്യുന്നത്.
ബോളിങ് പരിശീലകന്റെ ഉപയോഗം എന്താണ്? കോച്ച് എന്തു പറഞ്ഞാലും അത് അനുസരിക്കുക. മോർക്കൽ ലക്നൗവിന്റെ കോച്ചായിരുന്നു. ഗംഭീറും അഭിഷേക് നായരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ചായിരുന്നു. ഇവരൊന്നും തന്റെ വാക്കിനപ്പുറം പോകില്ലെന്ന് ഗംഭീറിനു നന്നായി അറിയാമെന്നും തിവാരി പറഞ്ഞു.
മനോജ് തിവാരിയുടെ ആരോപണത്തിനെതിരെ മുന്‍ ഇന്ത്യൻ താരം നിതീഷ് റാണ രംഗത്തെത്തി. വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്നും വ്യക്തിപരമായ വൈരാഗ്യത്തിന്‍റെ പേരിലാകരുതെന്നും നിതീഷ് റാണ പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരിലൊരാളാണ് ഗൗതം ഗംഭീറെന്നും മികച്ച പ്രകടനമുണ്ടെങ്കില്‍ പിആര്‍ വര്‍ക്കിന്‍റെ ആവശ്യമില്ലെന്നും നിതീഷ് റാണ എക്സ് പോസ്റ്റില്‍ കുറിച്ചു.
ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന പേസര്‍ ഹര്‍ഷിത് റാണയും ഗംഭീറിനെ ന്യായീകരിച്ച് രംഗത്തെത്തി. വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും വിമര്‍ശിക്കുന്നത് ശരിയല്ലെന്നും കളിക്കാരുടെ മോശം സമയത്തും അവരെ പിന്തുണക്കുന്ന പരിശീലകനാണ് ഗംഭീറെന്നും ഹര്‍ഷിത് റാണ പ്രതികരിച്ചു.
Story Highlights : Manoj Tiwari Against Gautam Gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here