കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും; നാളെ അഞ്ച് ട്രെയിനുകൾ

കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ഇന്ന് വൈകിട്ട് ആറു മണിയോടെ പുറപ്പെടും. ഇതര സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം.

തൊഴിലാളികളെ രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിർദേശമുണ്ട്. ഇതനുസരിച്ചാണ് ജില്ലകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പ്രായമായവർ, കുടുംബമായി താമസിക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാകും രജിസ്റ്റർ ചെയ്തവരെ കൊണ്ടുപോവുക.

എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്‌ട്രേഷൻ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം, തൊഴിലാളികൾക്കായി നാളെ കേരളത്തിൽ നിന്നും 5 ട്രെയിനുകൾ സർവ്വീസ് നടത്തും. വിവിധ സംസ്ഥാനങ്ങളിലേക്കാകും നോൺ സ്റ്റോപ്പ് ട്രെയിനുകൾ. സംസ്ഥാനം നിർദേശിക്കുന്ന സ്ഥലങ്ങളിലേക്കാകും ട്രെയിനുകളെന്ന് റയിൽവേ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുമായി തെലുങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് ട്രെയിൻ പുറപ്പെട്ടു. സംഗറെഡ്ഢിയിലെ 1200 തൊഴിലാളികളാണ് ട്രെയിനിലുള്ളത്.

Story Highlights- Migrant Workers, Train

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top