ഇന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടത് അഞ്ച് ട്രെയിനുകൾ

അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാനായി സംസ്ഥാനത്ത് നിന്ന് ഇന്ന് അഞ്ച് ട്രെയിനുകൾ. ജാർഖണ്ഡിലേക്കുള്ള ആദ്യ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. കോഴിക്കോട്, എറണാകുളം, തിരൂർ എന്നിവിടങ്ങളിൽ നിന്നായി നാല് ട്രെയിനുകളും അതിഥി തൊഴിലാളികളുമായി യാത്ര തിരിച്ചു.

തിരുവനന്തപുരത്ത് നിന്ന് 1125 പേരാണ് ജാർഖണ്ഡ് ഹാത്തിയയിലേക്കുള്ള പ്രത്യേക ട്രെയിനിൽ പുറപ്പെട്ടത്. മുക്കോല, നെടുമങ്ങാട്, പോത്തൻകോട് തുടങ്ങിയ പ്രദേശങ്ങളിലെ താത്കാലിക ക്യാമ്പുകളിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. ക്യാമ്പുകളിലും റെയിൽവേ സ്റ്റേഷനിലും ഇവരെ പരിശോധിച്ചു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് യാത്രാ ടോക്കണും ആരോഗ്യസർട്ടിഫിക്കറ്റും നൽകിയത്. സാമൂഹ്യ അകലം ഉറപ്പാക്കാനായി സ്ലീപ്പർ കോച്ചുകളിൽ 54 പേരെയും സെക്കന്റ് ക്ലാസ് കോച്ചുകളിൽ 36 പേരെയും മാത്രമാണ് പ്രവേശിപ്പിച്ചത്. ഇതിൽ മിഡിൽ ബെർത്തുകളും സൈഡ് സീറ്റുകളും ഒഴിച്ചിട്ടു.

ഝാർഖണ്ഡിലെ ധൻബാദിലേക്കാണ് കോഴിക്കോട് നിന്നുള്ള പ്രത്യേക ട്രെയിൻ. 26 കോച്ചുകളുള്ള നോൺ സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ 1124 പേരാണ് പോകുന്നത്. തിരൂരിൽ നിന്ന് പട്‌നയിലേക്കാണ് ട്രെയിൻ. ആലുവ, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ നിന്ന് പട്‌ന, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. യാത്രയിൽ ആവശ്യമായ ഭക്ഷണ പാക്കറ്റുകളും കുടിവെള്ളവും മരുന്നും നൽകിയാണ് തൊഴിലാളികളെ കേരളം മടക്കി അയക്കുന്നത്. സംസ്ഥാനത്ത് നിന്ന് കൂടുതൽ ട്രെയിനുകൾ അടുത്ത ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും. ആറാം തീയതി കോട്ടയത്ത് നിന്നും പത്തിന് പത്തനംതിട്ടയിൽ നിന്ന് ബീഹാറിലേക്കും ട്രെയിനുണ്ടാകും. ഇടുക്കിയിൽ നിന്നുള്ളവർക്കായി പത്താം തീയതി ഝാർഖണ്ഡിലേക്കും പ്രത്യേക ട്രെയിനുണ്ടാകും.

 

5 trains, other state workers, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top