കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയ്ക്കെതിരേ വീണ്ടും യുഎസ്

കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയ്ക്കെതിരേ വീണ്ടും യുഎസ്. വുഹാനിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടത് തടയുന്നതിനെ ചൈന മോശമായാണ് കൈകാര്യം ചെയ്തതെന്നാണ് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തുന്നത്. ലോകാരോഗ്യ സംഘടനയ്ക്കെതിരെയും ആരോപണമുണ്ട്. കൊറോണ വൈറസ് വ്യാപന വിഷയത്തിൽ ഡബ്യുഎച്ച്ഒ ചൈനീസ് പക്ഷപാതിത്വം കാണിച്ചെന്നാണ് വൈറ്റ് ഹൗസിന്റെ ആക്ഷേപം.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചൈനയ്ക്കെതിരേയുള്ള ആരോപണങ്ങൾ വീണ്ടും കടുപ്പിച്ചത്.’ ഷാങ്ഹായിലെ പ്രൊഫസർ കൊറോണയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തുന്നതുവരെ ചൈന വൈറസിന്റെ ജനിതകക്രമം പോലും പുറത്തുവിട്ടില്ല. അടുത്ത ദിവസം തന്നെ പ്രതികാര നടപടിയായി പ്രൊഫസറുടെ ലാബ് അടപ്പിച്ചു. സുപ്രധാന സമയത്ത് യു എസ് അന്വേഷകരെ അവർ കടത്തിവിട്ടതുപോലുമില്ല; കെയ്ലി പറഞ്ഞു.

ചൈനയ്ക്കെതിരേ പുതിയ തീരുവ ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ സൂചനകൾ വൈറ്റ് ഹൗസ് വക്താവ് തള്ളിക്കളഞ്ഞില്ല. ‘ പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഞാനൊന്നും പറയുന്നില്ല. പക്ഷേ, ചൈനയോടുള്ള അദ്ദേഹത്തിന്റെ അതൃപ്തി തന്നെയാണ് എനിക്കും ആവർത്തിക്കാനുള്ളത്. ചൈന ഈ അവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തുവെന്നത് രഹസ്യമല്ല’ എന്നായിരുന്നു കെയ്ലിയുടെ വാക്കുകൾ.

ലോകാരോഗ്യ സംഘടനയ്ക്കെതിരേയും വൈറ്റ് ഹൗസ് വക്താവ് പരാതികളുയർത്തി. ലോകാരോഗ്യ സംഘടനയ്ക്ക് ചൈന പ്രതിവർഷം നാല് കോടി ഡോളർ നൽകുമ്പോൾ ആ സ്ഥാനത്ത് അമേരിക്ക നൽകുന്നത് 50 കോടി ഡോളറോളമാണ്. എന്നാൽ ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വ്യക്തമായ ചൈനീസ് പക്ഷപാതം ഉണ്ടെന്നാണ് തോന്നുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് ഡിസംബർ 31 ന് തായ്വാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ മനുഷ്യരിലേക്ക് വൈറസ് പെട്ടെന്ന് പകരില്ലെന്ന ചൈനീസ് വാദമാണ് ജനുവരി ഒമ്പതിനും ലോകാരോഗ്യ സംഘടന ആവർത്തിച്ചത്. ഇത് തെറ്റായിരുന്നു; കെയ്ലി മക്കെനാനി മാധ്യമങ്ങളോട് പറഞ്ഞു. പുതിയതായി ഈ സ്ഥാനത്തേക്ക് എത്തിയ കെയ്ലിയുടെ ആദ്യ വാർത്തസമ്മേളനമായിരുന്നു ഇത്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ മൂലം അമേരിക്കയിൽ ഇതുവരെ 64,000 പേർ മരിച്ചിട്ടുണ്ട്.

Story highlights-US Against China in Corona Virus Spread

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top