ജോലിക്കാർക്ക് പുറത്തിറങ്ങാൻ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രം; ലക്ഷ്യമിടുന്നത് 30 കോടി ഡൗൺലോഡുകൾ

ലോക്ക് ഡൗൺ കാലത്ത് ജോലിക്കാർക്ക് പുറത്തിറങ്ങാൻ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രം. സ്വകാര്യ, സർക്കാർ ജോലിക്കാർക്കാണ് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയത്. കൊവിഡ് രോഗബാധയുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകൾക്കും ആപ്പ് നിർബന്ധമാക്കി. അതേ സമയം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും കൊവിഡ് രോഗബാധയില്ലാത്ത സ്ഥലത്ത് കഴിയുന്നവരും ഇത് ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസമാണ് തൊഴിലാളികൾക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയത്. മെയ് 4 മുതൽ നീട്ടിയ ലോക്ക് ഡൗൺ കാലത്ത് തങ്ങളുടെ മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ്പ് ഉണ്ടാവണമെന്നായിരുന്നു നിർദ്ദേശം. അതാത് കമ്പനി തലവന്മാർക്കായിരിക്കും ഇതിൻ്റെ ഉത്തരവാദിത്തം.

വരുന്ന ഏതാനും ആഴ്ചകളിൽ 30 കോടി ഡൗൺലോഡുകളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ആപ്പ് ഉപയോഗത്തിന് ആളുകളെ പ്രേരിപ്പിച്ചിരുന്നു.

അതേ സമയം, ആപ്പിലെ ഡേറ്റ സുരക്ഷയുടെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്. ആവശ്യത്തിലധികം വിവരങ്ങൾ ഡേറ്റ ആവശ്യപ്പെടുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ കോൺടാക്ട്-ട്രേസിംഗ് ആപ്പുകളുടെ നിലവാരം ഇതിനില്ലെന്നുമാണ് ഉയരുന്ന ആക്ഷേപം. ജിപിഎസ് കേന്ദ്രീകരിച്ചുള്ള ലൊക്കേഷൻ്റെ ഡേറ്റ ഉപയോഗം ഏറെ അപകടകരമാണെന്നും ആരോപണം ഉയരുന്നു.

ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന് കരാർ കൊടുത്താണ് ആപ്പ് നിർമ്മിച്ചത്. ആപ്ലിക്കേഷനില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്കയും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചു.

രാജ്യത്ത് ഇന്നലെ 2,411 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേർ മരിക്കുകയും ചെയ്തു. 37,776 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Story Highlights: Aarogya Setu App Must For All Private, Government Employees:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top