ആരോഗ്യസേതു നിർമ്മിച്ചത് സർക്കാർ തന്നെ; വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഔദ്യോഗിക ആപ്പ് എന്ന നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യസേതു നിർമ്മിച്ചത് സർക്കാർ തന്നെയെന്ന് കേന്ദ്രം. ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ഒഴിഞ്ഞുമാറിയതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.
Read Also : ആരോഗ്യസേതുവിൽ സുരക്ഷാ പിഴവെന്ന് ആധാറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ഹാക്കർ; ആരോപണം തള്ളി കേന്ദ്രം
കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ പൊതു- സ്വകാര്യ മേഖലകളെ കൂട്ടിയിണക്കി ഏറ്റവും സുതാര്യമായ രീതിയിൽ സർക്കാർ തന്നെയാണ് ആപ്പ് നിർമിച്ചതെന്നായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം. ‘ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും കൊവിഡ് പ്രതിരോധിക്കുന്നതിനായി 21 ദിവസമെടുത്താണ് ആരോഗ്യസേതു ആപ്പ് നിർമിച്ചത്. വ്യാവസായിക, അക്കാദമിക, സർക്കാർ തലത്തിലെ മികച്ച ഇന്ത്യൻ ബുദ്ധികേന്ദ്രങ്ങളെ ഒരുമിച്ച് നിർത്തി ശക്തവും സുരക്ഷിതവുമായ ഒരു ഇന്ത്യൻ നിർമിത കോൺടാക്ട് ട്രേസിങ് ആപ്പ് നിർമിക്കുകയായിരുന്നു ലക്ഷ്യം. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യസേതു ആപ്പ് വഹിച്ച പങ്കിനെക്കുറിച്ച് യാതൊരു സംശയവുമില്ല.’- സർക്കാർ വിശദീകരിച്ചു.
Read Also : ആരോഗ്യസേതു നിർമ്മിച്ചത് ആര്?; മറുപടി പറയാൻ വിസമ്മതിച്ച് കേന്ദ്രം; വിശദീകരണം തേടി വിവരാവകാശ കമ്മീഷൻ
സാമൂഹിക പ്രവർത്തകനായ സൗരവ് ദാസ് ആണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം അന്വേഷിച്ചത്. വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം കമ്മീഷന് പരാതി നൽകുകയായിരുന്നു. വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് വിശദീകരിച്ചു കൊണ്ടാണ് ദേശീയ വിവരാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് നൽകിയത്. ആപ്പ് വികസിപ്പിച്ചത് ആരെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്നും കമ്മീഷൻ പറഞ്ഞു. ബന്ധപ്പെട്ടവരോട് നവംബർ 24ന് ഹാജരാകാനും കമ്മീഷൻ ആവശ്യപ്പെട്ടു.
Story Highlights – aarogya setu app developed by government clarifies after row with rti body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here