കോഴിക്കോട് ജില്ല ഓറഞ്ച് സോണിൽ; കടകളിൽ വലിയ തിരക്ക്

കോഴിക്കോട് ജില്ല ഓറഞ്ച് സോണിൽ ആയതോടെ ഞായാറാഴ്ച കടകളിൽ വലിയ തിരക്ക്. മൊബൈൽ ഫോൺ കടകളിലാണ് ആളുകൾ കൂടുതലായി എത്തിയത്. പലയിടങ്ങളിലും പൊലീസ് നേരിട്ടെത്തി തിരക്ക് നിയന്ത്രിച്ചു.
കഴിഞ്ഞ ആഴ്ചകളിലെല്ലാം കോഴിക്കോട് ജില്ല റെഡ് സോൺ പരിധിയിൽ ആയിരുന്നു. എന്നാൽ ഓറഞ്ച് സോണിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച കോഴിക്കോട് നഗരത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. മൊബൈൽ ഫോണ് കടകളിലായിരുന്നു തിരക്ക് കൂടുതൽ. പഴയ ഫോൺ സർവീസ് ചെയ്യാനും പുതിയ ഫോൺ വാങ്ങാനുമെല്ലാം ആളുകൾ കടകൾക്ക് മുൻപിൽ ക്യൂ നിന്നു.
തിരക്ക് നിയന്ത്രിക്കാൻ പലയിടങ്ങളിലും പൊലീസ് രംഗത്തെത്തി. കടകളിൽ എത്തുന്നവരും ജീവനക്കാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. അതേസമയം ഓറഞ്ച് സോണുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച ഒഴികയുള്ള ദിവസങ്ങളിൽ തുറക്കാമോ എന്ന കാര്യത്തിൽ വ്യാപാരികൾക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.
സംസ്ഥാനത്ത് ഇന്നലെ രണ്ട് പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്ത് 80 ഹോട്ട്‌സ്‌പോട്ടുകൾ ആണ് ഉള്ളത്. ഇതിൽ 21 എണ്ണം കണ്ണൂരാണ്. ഇടുക്കിയിലും കോട്ടയത്തും പതിനൊന്ന് വീതവും ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ട്.
Story Highlights: Calicut district orange zone rush in shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here