കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന അഭിഭാഷക സംഘടനാ നേതാവ് മുങ്ങി

police station

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരത്തെ അഭിഭാഷക സംഘടനാ നേതാവ് മുങ്ങി. നിരീക്ഷണത്തിലിരിക്കെ സ്ഥലം വിട്ടതിന് അഭിഭാഷകനെതിരെ കേസെടുക്കും. ലോക്ക് ഡൗൺ ലംഘിച്ച് കൊല്ലത്ത് പ്രവേശിച്ചതിന് ഇദ്ദേഹത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. വനിതാ സുഹൃത്തിന്റെ വീട്ടിലാണ് അഭിഭാഷകൻ നിരീക്ഷണത്തിലായത്.

രണ്ടു ദിവസം മുൻപാണ് അഭിഭാഷക സംഘടനാ നേതാവ് കൊല്ലത്ത് നിരീക്ഷണത്തിലായത്. ഇന്ന് ആരോഗ്യ പ്രവർത്തകർ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അഭിഭാഷകന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചാത്തന്നൂർ പൊലീസിനെ വിവരമറിയിച്ചു. കടന്നതായി മനസിലായതോടെ വിവരം വലിയതുറ പൊലീസിന് കൈമാറി. ലോക്ക് ഡൗൺ ലംഘനത്തിന് കേസെടുത്തതിന് പുറമേ ക്വാറന്റീൻ ലംഘിച്ചതിനും നടപടിയുണ്ടാകും. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും സ്വീകരിച്ച നടപടിയിലാണ് അഭിഭാഷകൻ വീട്ടിൽ നിരീക്ഷണത്തിലായത്.

ചാത്തന്നൂർ പഞ്ചായത്തിൽ നിരോധനാജ്ഞയും ട്രിപ്പിൾ ലോക്ക് ഡൗണും ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഇതിനിടെ തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു കാർ പ്രദേശത്തെ വീട്ടിൽ രാത്രിയിൽ ഇടയ്ക്ക് വന്നു പോകുന്നത് നാട്ടുകാർ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടർ ഇത് ചാത്തന്നൂർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ബന്ധു വീടെന്ന വിശദീകരണമാണ് അഭിഭാഷകൻ പൊലീസിന് നൽകിയത്. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലാണ്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞ് ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന. യുവതിയുടെ ഭർത്താവ് കോട്ടയത്ത് ബന്ധുവിന്റെ മരണത്തിനു പോയ ശേഷം അവിടെ ഗൃഹനിരീക്ഷണത്തിലാണ്.

story highlights- advocate, lockdown, coronavirus, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top