ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ ട്രെയിൻ ഭുവനേശ്വറിൽ; കേരളത്തിന് നന്ദി അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി

കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി യാത്ര തിരിച്ച ആദ്യ തീവണ്ടി ലക്ഷ്യ സ്ഥാനത്തെത്തി. 1150 തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ ഭുവനേശ്വറിലെത്തിയത്. ഇന്ന് രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിയത്. കണ്ഡമാൽ,ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുർ, ഗജപതി കോരാപുട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവർ ജഗന്നാഥ്പുർ സ്റ്റേഷനിലും ബാക്കിയുള്ള ആളുകൾ ഖുർദ സ്റ്റേഷനിലും ആയിരിക്കും ഇറങ്ങുക. കേരളത്തിൽ നിന്നെത്തിയവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി. 26 പ്രത്യേക ബസുകളിലും കാറുകളിലുമായി തൊഴിലാളികളെ പിന്നീട് നാടുകളിലേക്ക് അയച്ചു.

ആദ്യ ട്രെയിൻ ഭുവനേശ്വറിലെത്തിയതിനെ തുടർന്ന് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്‌നായിക് നന്ദി അറിയിച്ചു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാൻ സഹായിച്ചതിനും കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. റെയിൽവേ അധികൃതർക്കും അദ്ദേഹം നന്ദി പറഞ്ഞു.

also read:പത്തനംതിട്ടയിൽ നിന്ന് മടങ്ങാനൊരുങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചതായി കളക്ടർ

അതേസമയം സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ മതിയെന്ന് കേരളാ ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശിച്ചു. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചു പോകാൻ താത്പര്യമില്ലാത്തവരേയും മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

Story highlights-first special train reaches bhuvaneshwar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top