ആരോഗ്യപ്രവർത്തകർക്ക് ആദരം; ഭയമല്ല, അഭിമാനമാണ് തോന്നേണ്ടതെന്ന് മമ്മൂട്ടി: വീഡിയോ

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി മോഷൻ ഗ്രാഫിക്സ് വീഡിയോ. കോമ്പാറ്റ് കൊറോണാ വൈറസ്, കേരളാ മോഡല്‍ എന്ന പേരിലാണ് മോഷന്‍ ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദനവും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന അഭ്യർത്ഥനയുമാണ് വീഡിയോയിൽ ഉള്ളത്. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ, കൊറോണയെ. വിശ്രമിക്കാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി, നമ്മുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദ്ദേശവും. ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരമാകും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം. ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ സുസജ്ജമാണ്. ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്.

പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് പശ്ചാലത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. സീറോ ഉണ്ണിയാണ് ക്രിയേറ്റിവ് ഡയറക്ടര്‍. മോഷന്‍ ഗ്രാഫിക്‌സും കൊമ്പസിറ്റിംഗും ജെറോയ് ജോസഫ് ആണ് നിർവഹിച്ചിരിക്കുന്നത്. ശരത് പ്രകാശും, ഹരികൃഷ്ണന്‍ കര്‍ത്തയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന വീഡിയോയുടെ സ്റ്റോറി ബോർഡ് വിനയകൃഷ്ണൻ ആണ്. അനിമാറ്റിക്സ് ചെയ്തിരിക്കുന്നത് ബാലറാം രാജ്. ലേ ഔട്ട് യേശുദാസ് വി ജോര്‍ജ്ജ്. മിക്‌സിംഗ് അബിന്‍ പോള്‍. എസ്എഫ്എക്‌സ് കൃഷ്ണന്‍.

ഇന്നലെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടിയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.

499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.

Story Highlights: motion graphics video viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top