‘ആരോഗ്യ സേതു’ ആപ്ലിക്കേഷന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വകാര്യ സ്ഥാപനത്തിന് കരാർ നല്‍കി, അവര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ആപ്ലിക്കേഷനില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്ക രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചു.

ആപ്പ് രാജ്യത്തെ എല്ലാ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരും കൊവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ താമസിക്കുന്നവരും നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. തുടർന്നാണ് വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്ക രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടിയത്.

‘ആരോഗ്യ സേതു ആപ്, സങ്കീർണമായ നിരീക്ഷണ സംവിധാനമാണ്. ഒരു സ്വകാര്യ കമ്പനിയാണ് അതിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.  അതുയർത്തുന്നത് ഡാറ്റാ സുരക്ഷയുടെയും സ്വകാര്യതയുടെയും ആശങ്കളും, സാങ്കേതിക വിദ്യയ്ക്ക് നമ്മളെ സുരക്ഷിതരാക്കാൻ സഹായിക്കാൻ കഴിയും. പക്ഷേ ജനങ്ങളുടെ അവരുടെ അനുവാദമില്ലാതെ പിന്തുടരുന്നതിന് അവരുടെ ഭയം ഉപയോഗിക്കരുത്’ രാഹുൽ ഗാന്ധി കുറിച്ചു.

കൊവിഡ് ബാധാ സാധ്യത മനസിലാക്കാനാണ് ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സഹായിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും അപകടം ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലും ഇത് പറഞ്ഞു തരും. മുൻപ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും ആരോഗ്യ സേതു ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു. ആപ്ലിക്കേഷന്റെ സുരക്ഷയെ കുറിച്ച് വിദഗ്ധർ സംശയം പ്രകടിപ്പിച്ച കാര്യം അദ്ദേഹം വ്യക്തമാക്കി. ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഈക്കാര്യത്തിൽ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

arogya sethu, privacy concerns, rahul gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top