സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ച് ധനമന്ത്രി

Thomas issac

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ചു ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ വർഷം 1766 കോടി രൂപയായിരുന്ന ഏപ്രിലിലെ ജിഎസ്ടി വരുമാനം ഇത്തവണ 161 കോടി രൂപയായി കുറഞ്ഞു. ഭൂമി രജിസ്‌ട്രേഷനിലുള്ള വരുമാനം 12 കോടി രൂപയും, വാഹന നികുതിയിൽ നാല് കോടി രൂപയുമാണ് ലഭിച്ചത്. സംസ്ഥാനം കഴിഞ്ഞ മാസം 5930 കോടി രൂപ കടമെടുത്തുവെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ വ്യകതമായ ചിത്രമാണ് ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്. കഴിഞ്ഞ ഏപ്രിലിൽ 1766 കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം ഇത്തവണ 161 കോടി രൂപയായി കുറഞ്ഞു. ഇത് മാർച്ച് മാസത്തെ വിറ്റുവരുമാനത്തിൽ നിന്നുള്ള നികുതിയാണ്. ഭൂമി ഇടപാടുകൾ പൂർണമായും നിലച്ചതോടെ രജിസ്‌ട്രേഷനിൽ കഴിഞ്ഞ തവണ 255 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഇത്തവണ 12 കോടി രൂപ മാത്രമാണ് ലഭിച്ചത്. മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ മദ്യത്തിൽ നിന്നും നികുതി വരുമാനമില്ല. വാഹന നികുതിയിൽ 300 കോടിയ്ക്കു പകരം 4 കോടി മാത്രമാണ് ലഭിച്ചത്. പെട്രോൾ, ഡീസൽ സെയിൽസ് ടാക്‌സ് 600 കോടി രൂപയ്ക്കു പകരം 26 കോടി മാത്രം. ഇതു സർക്കാർ വണ്ടികളിലടിച്ച പെട്രോളും ഡീസലുമാകാനാണ് സാധ്യതയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, സർക്കാർ ചെലവ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. പെൻഷനടക്കം ക്യാഷ് ട്രാൻസ്ഫർ മാത്രം 8000ത്തോളം കോടി രൂപ ആവശ്യമായി വരും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2000ത്തോളം കോടി രൂപയുടെ കുടിശിക കൊടുത്തു തീർത്തുകൊണ്ടിരിക്കുകയാണ്. മെയ് മാസം പകുതിയാകുമ്പോഴേയ്ക്കും സർക്കാരിന്റെ എല്ലാ കുടിശികകളും കൊടുത്തു തീർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസം 5930 കോടി രൂപ സംസ്ഥാനം കടമെടുത്തു. കേന്ദ്രം കുടിശികയെങ്കിലും നൽകണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം. കോർപറേറ്റുകൾക്കും മ്യൂച്ച്വൽ ഫണ്ടുകൾക്കുമെല്ലാം ഉദാരമായ സഹായ പാക്കേജുകൾ പ്രഖ്യാപിക്കുന്ന കേന്ദ്രസർക്കാർ വരുമാനം പൂർണമായും നിലച്ച സംസ്ഥാനങ്ങളെ അവഗണിക്കുന്നത് വിരോധാഭാസമാണെന്നു ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

Story highlight: The Finance Minister has explained the financial crisis in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top