Advertisement

ആട്ടപ്പൊടി ബാഗിൽ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്തെന്ന കഥയ്ക്ക് പ്രതികരണവുമായി ആമിർ ഖാൻ

May 4, 2020
Google News 6 minutes Read

ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ഒരു കിലോ ആട്ടപ്പൊടി ബാഗിൽ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്തെന്ന കഥയിൽ ഒടുവിൽ പ്രതികരണവുമായി ആമിർ ഖാൻ രംഗത്തെത്തി. ഒരു ട്വീറ്റിലൂടെയായിരുന്നു തന്റെ പേരിൽ പ്രചരിച്ച വ്യാജവാർത്തയെക്കുറിച്ച് ആമിർ പ്രതികരിച്ചത്. ‘സുഹൃത്തുക്കളെ, ഗോതമ്പ് സഞ്ചികളിൽ പണം നിറയ്ക്കുന്ന ഒരാളല്ല ഞാൻ. ഒന്നുകിൽ ഇത് പൂർണമായും ഒരു വ്യാജ കഥയാണ് അല്ലെങ്കിൽ റോബിൻ ഹുഡ് ഒരിക്കലും സ്വയം വെളിപ്പെടുത്താൻ ആഗ്രഹിക്കില്ല… സുരക്ഷിതരായി ഇരിക്കൂ’ എന്നായിരുന്നു ആമിറിന്റെ ട്വീറ്റ്.

ആമിർ ഖാനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ കഥയായിരുന്നു ഒരു കിലോ ആട്ടയിൽ പതിനയ്യായിരം രൂപ ഒളിപ്പിച്ചു വച്ച് പാവങ്ങൾക്ക് വിതരണം ചെയ്തത്. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് എന്ന തലക്കെട്ടോടെയായിരുന്നു ഈ കഥ വ്യാപകമായി പ്രചരിച്ചത്. ഒട്ടനവധി പേർ ഈ വാർത്ത ഷെയർ ചെയ്യുകയും താരത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ കുറിപ്പുകൾ എഴുതുകയുമുണ്ടായി.

ഒരു സസ്‌പെൻസ് സിനിമയുടെ തിരക്കഥപോലെയായിരുന്നു ഈ വാർത്തയെഴുതിയിരുന്നതും. ലോക് ഡൗൺ മൂലം ബുദ്ധിമുട്ടുന്നവർക്കായി ആമിർ ഖാൻ ഒരു കിലോ ആട്ട വീതം വിതരണം ചെയ്തു. ഒരു കിലോ മാത്രമായതുകൊണ്ട് കഷ്ടപ്പാടനുഭവിക്കുന്ന പാവപ്പെട്ടവർ മാത്രമായിരുന്നു ആട്ടയുടെ ആവശ്യക്കാരായി വന്നത്. പിന്നീടാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീട്ടിൽ വന്നും ആട്ടയുടെ കവർ തുറന്നു നോക്കിയവർ ഞെട്ടിപ്പോയി, കവറിനുള്ളിൽ 15,000 രൂപ! ഇങ്ങനെയായിരുന്നു കഥ പോയത്.

also read:ആമിർ ഖാനും’ആട്ട’വിതരണവും; യാഥാർത്ഥ്യമിതാണ്

പക്ഷേ, ഈ കഥ വെറുമൊരു കെട്ടുകഥ മാത്രമായിരുന്നു. ആമിർ ഇത്തരത്തിൽ ആർക്കും ആട്ട വിതരണം നടത്തിയിട്ടില്ലെന്നാണ് പ്രമുഖ ഫാക്ടിംഗ് ചെക്ക് വെബ്‌സൈറ്റ് ആയ ബൂം ലൈവ് കണ്ടെത്തിയിരിക്കുന്നത്. സമാൻ എന്ന യുവാവ് ചെയ്ത ടിക് ടോക് വീഡിയോ ആണ് ‘ആട്ട’ക്കഥയുടെ ഉറവിടം. ഗോതമ്പ് പൊടിയിൽ നിന്നും പണമെടുക്കുന്ന വീഡിയോ സഹിതമായിരുന്നു സമാന്റെ ടിക് ടോക് വീഡിയോ. ആ വീഡിയോയിൽ സമാൻ പറയുന്നതിങ്ങനെയാണ്; ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം കഴിയുന്ന ചേരിയിൽ രാത്രിയിൽ ഒരാൾ ട്രക്കിൽ ആട്ടയുമായി എത്തി. ഒരു കിലോ ആട്ട വീതമാണ് നൽകുന്നതെന്ന് അറിയിച്ചു. ആരാണ് രാത്രിയിൽ ഒരു കിലോ ആട്ടവാങ്ങാൻ പോയി നിൽക്കുന്നത്. അതുകൊണ്ട് അത്രയ്ക്ക് ദുരിതം അനുഭവിക്കുന്നവർ മാത്രമാണ് ആട്ട വാങ്ങാൻ പോയത്. ആട്ട വാങ്ങിയവർ വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ അതിൽ ഒളിപ്പിച്ച നിലയിൽ 15,000 രൂപ. അത്തരത്തിൽ ഏറ്റവും അർഹതയുള്ളവർക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു. ഈ വീഡിയോ ആണ് പിന്നീട് ആമിർ ഖാന്റെ പേരിൽ പ്രചരിച്ചതെന്നാണ് ബൂം ലൈവ് പറയുന്നത്.

Story highlights-Aamir Khan responds to a story about Rs 15,000 hidden in a bag of Atta powder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here