താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാടക നൽകാൻ ഡോക്ടർമാരോട് ഡൽഹി സർക്കാർ ആവശ്യപ്പെട്ടോ? [24 Fact Check]

കൊവിഡുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനെതിരെ വ്യാജപ്രചാരണം. കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ സ്വന്തം ഹോട്ടൽ ബില്ലുകൾ അടയ്ക്കണമെന്ന് ഡൽഹി സർക്കാർ ഉത്തരവിട്ടു എന്ന തരത്തിലാണ് പ്രചാരണം. ഒരു യുവതിയുടെ വീഡിയോ സഹിതമാണ് വ്യാജപ്രചാരണം നടക്കുന്നത്. നിരവധി പേർ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
ഡൽഹിയിൽ കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്ന ആശുപത്രികളിലെ ഡോക്ടർമാർക്കും മറ്റ് പ്രവർത്തകർക്കും ഹോട്ടലുകളിൽ സർക്കാർ താമസം ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കാനാണ് ഇത്. ഇതിനിടെയാണ് റാവു തുലാ റാം ആശുപത്രിയിലെ ജീവനക്കാരിയുടേതെന്ന പേരിൽ വീഡിയോ പ്രചരിച്ചത്. താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാടക നൽകുന്നത് സർക്കാർ നിർത്തുകയാണെന്നും മുറി ഒഴിയണമെന്നും ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചുവെന്നും യുവതി പറയുന്നു. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമാണ്.
also read:സാനിറ്റൈസർ പുരണ്ട കൈകൾ കൊണ്ട് വളർത്ത് മൃഗങ്ങളെ തൊടുന്നത് അപകടമോ ? [24 Fact Check]
കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള ഒമ്പത് ആശുപത്രികളിൽ റാവു തുലാ റാം ആശുപത്രിയില്ല. ഡൽഹി സർക്കാരിന്റെ വെബ്‌സൈറ്റിൽ ഇക്കാര്യമുണ്ട്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ഉപദേഷ്ടാവ് ഷലീൻ മിത്ര ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ഹോട്ടലുകളിൽ താമസിക്കാനും വാടക നൽകാനും ഡൽഹി സർക്കാർ എപ്പോഴും ഒരുക്കമാണെന്നും മിത്ര പറഞ്ഞിരുന്നു. ആരോപണം ഉന്നയിക്കുന്ന യുവതിയുടെ വിവരങ്ങൾ ഇപ്പോഴും അവ്യക്തമാണ്. ആശുപത്രിയിൽ അങ്ങനെ ഒരു ജീവനക്കരി ഉള്ളതിന് തെളിവുമില്ല. എന്നാൽ ഇതൊന്നും മനസിലാക്കാതെ പലരും സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണം ഏറ്റെുക്കുകയായിരുന്നു.
Story highlights- Corona doctors, delhi govt, viral video, rao tula ram hospital, 24 Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here