വിദേശത്തു നിന്നും തിരിച്ചുവരുന്ന പ്രവാസികൾക്ക് സൗജന്യ ബിഎസ്എൻഎൽ സിം കാർഡ് നൽകും; മുഖ്യമന്ത്രി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികൾക്ക് സൗജന്യ ബിഎസ്എൻഎൽ സിം. പ്രവാസികൾക്ക് ഡോക്ടർമാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണ് ബിഎസ്എൻഎൽ സൗജന്യമായി മൊബൈൽ നമ്പർ നൽകുന്നത്.
കൊവിഡ് അവലോകനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികളുടെ കൈവശമുള്ള മൊബൈൽ നമ്പർ ഡിസ്‌കണക്ടായിട്ടുണ്ടെങ്കിൽ അവ റീകണക്ട് ചെയ്യുമെന്നും സിം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതേ നമ്പറിൽ പുതിയ സിം കാർഡ് നൽകുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ ചില പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അതിലേക്ക് സർക്കാർ ശ്രദ്ധ കൊടുക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക വാഹന സൗകര്യങ്ങളോ മറ്റോ ആവശ്യമുണ്ടെങ്കിൽ ഏതു സംസ്ഥാന ഗവൺമെന്റിനോടും അക്കാര്യം അഭ്യർത്ഥിക്കും. വാഹനലഭ്യതയ്ക്കനുസരിച്ച് തിരിച്ചുവരാനുള്ള പ്ലാൻ നടപ്പാക്കും. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ആശങ്കയും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ. കർണാടക – 55,188, തമിഴ്നാട് – 50,863, മഹാരാഷ്ട്ര – 22,515, തെലങ്കാന – 6422, ഗുജറാത്ത് -4959, ആന്ധ്രപ്രദേശ് – 4338, ഡെൽഹി – 4236, ഉത്തർപ്രദേശ് -3293, മധ്യപ്രദേശ് -2490, ബിഹാർ – 1678, രാജസ്ഥാൻ – 1494, പശ്ചിമ ബംഗാൾ -1357, ഹരിയാന – 1177, ഗോവ – 1075 എന്നിങ്ങനെയാണ് കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളുടെ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആയിരത്തിൽ താഴെ വീതം ആളുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

also read:മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു

ഈ വിവരങ്ങൾ പൂർത്തിയായതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചിട്ടുള്ളത്. 5470 പാസ് വിതരണം ചെയ്തു. ഇന്ന് ഉച്ചവരെ 515 പേർ വിവിധ ചെക്ക്പോസ്റ്റുകൾ വഴി എത്തിയിട്ടുണ്ട്. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാടിസ്ഥാനത്തിൽ പാസുകൾ നൽകുന്നുണ്ട്. അതിർത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story highlights-Free BSNL SIM card for expatriates returning from abroad; The Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top