മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു

pathanamthitta jilla collector

ലോക്ക്ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു. ഇരുപത്തി രണ്ടായിരത്തിലധികം പേരെ താമസിപ്പിക്കാനാവശ്യമായ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ജില്ലയിലെ പ്രധാന നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സൗകര്യങ്ങള്‍ ഒരുക്കുക.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഭൂരിഭാഗം പ്രവാസികളും സംസ്ഥാനത്തിന് പുറത്തുള്ളവരും നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ ഇവരെ സ്വീകരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. ലോഡ്ജുകളും ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും കേന്ദ്രീകരിച്ചാണ് താമസ സൗകര്യം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 22000 പേര്‍ക്കുള്ള സൗകര്യമാകും ഉണ്ടാവുക. ഇതില്‍ 7500 പേരെ താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനോടകം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.

അതേസമയം, ജില്ലയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. പതിനാറായിരത്തിലധികം തൊഴിലാളികള്‍ ജില്ലയില്‍ ഉള്ളതായാണ് കണക്ക്. ഈ മാസം 10 നാണ് ബീഹാറിലേക്കുള്ള ആദ്യ ട്രെയിന്‍ ജില്ലയില്‍ നിന്ന് പുറപ്പെടുക. തൊഴിലാളികളുടെ പട്ടിക പൂര്‍ത്തിയായ ശേഷമാകും ഏത് സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ യാത്ര തിരിക്കുക എന്നത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.

Story Highlights: coronavirus, Lockdown,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top