ആദ്യ ഘട്ടത്തിൽ എത്തുക 2250 ആളുകൾ; കേരളത്തിലേക്ക് ആകെ എത്തുക 80000 പ്രവാസികൾ: മുഖ്യമന്ത്രി

ആദ്യ ഘട്ടത്തിൽ കുറച്ച് പ്രവാസികളെ മാത്രമേ വിദേശങ്ങളിൽ നിന്ന് കൊണ്ടുവരികയുള്ളൂ എന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭിച്ച വിവരം അനുസരിച്ച് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
ഇന്ത്യ ഗവണ്മെൻ്റ് ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80000 പേരെയാണെന്നും ഒരു വിവരമുണ്ട്. പക്ഷേ, അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുൻഗണന നാം കണക്കാക്കിയത് അനുസരിച്ച് 169136 പേർ വരും. തിരിച്ചു വരാൻ രജിസ്റ്റർ ചെയ്തവർ 442000 പേരാണ്. നമ്മൾ മുൻഗണന കണക്കാക്കിയത് തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കി കിട്ടാത്തവർ, ജയിൽ മോചിതർ, ഗർഭിണികൾ, ലോക്ക് ഡൗണിൻ്റെ ഭാഗമായി മാതാപിതാക്കളിൽ നിന്ന് വേറിട്ടു നിൽക്കുന്ന കുട്ടികൾ, വിസിറ്റ് വീസയിൽ പോയി കാലാവധി കഴിഞ്ഞവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ തുടങ്ങിയവരാണ്. ഇത് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. നമ്മുടെ ആവശ്യം ആദ്യ ഘട്ടത്തിൽ തന്നെ ഇവരെ നാട്ടിലെത്തിക്കണം എന്നാണ്. അത് കേന്ദ്രം അനുവദിച്ചിട്ടില്ല.
സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങൾ കേന്ദ്ര ഗവണ്മെൻ്റിനും ബന്ധപ്പെട്ട എംബസികൾക്കും കൈമാറണം. പക്ഷേ, വിവരങ്ങൾ കൈമാറാനുള്ള സംവിധാനം വിദേശകാര്യ മന്ത്രാലയവും എംബസികളും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം നേരത്തെ തന്നെ ഔദ്യോഗിക തലത്തിൽ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. മുൻഗണനാ വിഭാഗത്തിൽ പെട്ടവരെ എത്രയും വേഗം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നാട്ടിലെത്തണമെന്നാണ് കേന്ദ്ര ഗവണ്മെൻ്റിനോട് ആവശ്യപ്പെടാനുള്ളത്.
Story Highlights: total 80000 people from abroad to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here