Advertisement

‘അസ്സലാമു അലൈക്കും, ഞാൻ ക്യാപ്റ്റൻ രാജുവാണ്’; ഹൃദ്യമായ ഫേസ്ബുക്ക് കുറിപ്പ്

May 8, 2020
Google News 3 minutes Read
facebook post about captain raju

അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിനെ പറ്റി ഹൃദ്യമായ ഫേസ്ബുക്ക് കുറിപ്പ്. സിനിമാപ്രവർത്തകനായ മുഹമ്മദ് ഷഫീക് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവച്ചത്. സഫാരി ടിവിക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്യാനായി ക്യാപ്റ്റൻ രാജുവിനെ ഇൻ്റർവ്യൂ ചെയ്യുന്നതിനിടയിൽ നടന്ന സംഭവമാണ് അദ്ദേഹം കുറിപ്പിലൂടെ ഓർത്തെടുക്കുന്നത്.

Read More: ലോഹിതദാസിനെ പറ്റിക്കാനായി, സെറ്റിട്ട ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് കുടുങ്ങിയ സതീഷ് അമരവിള; രമേഷ് പിഷാരടി എഴുതുന്നു

മുഹമ്മദ് ഷഫീകിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

ചില നടൻമാർ നമ്മുടെ മനസിൽ ചേക്കേറുന്നത് സിനിമയിലെ അവരുടെ ഡയലോഗുകൾ കൊണ്ടും അഭിനയശൈലി കൊണ്ടു മാവും. ചിലർ ആകാരത്തിന്റെ പ്രത്യേകതകൾ കൊണ്ടും. ഒരു സിനിമയിൽ ഒറ്റ സീനിൽ അഭിനയിച്ചവർ പോലും ചിലപ്പോൾ മനസിലേക്ക് ലോംഗ് മാർച്ച് ചെയ്യും. മറ്റു ചിലരാവട്ടെ, കുട്ടിക്കാലത്ത് തന്നെ കണ്ട സിനിമകളിലെ രൂപഭാവാദികളോടെ മരണമില്ലാതെ മനസിലങ്ങനെ ചാരുകസേരയിലിരിക്കും. വർഷങ്ങൾക്കു ശേഷം അവരെ കാണാനുള്ള ഭാഗ്യം കൂടിയുണ്ടായാലോ!

നടൻ ക്യാപ്റ്റൻ രാജു ഓർമയായി ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞു. ഇപ്പോഴും ഫോണിൽ അദ്ദേഹത്തിന്റെ നമ്പർ ഉണ്ട്, ഡിലീറ്റ് ചെയ്യപ്പെടാതെ.

മുമ്പൊരിക്കൽ സഫാരി ടി വി യ്ക്കു വേണ്ടി ഒരു പ്രോ​ഗ്രാമിനായി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാ​ഗ്യമുണ്ടായിരുന്നു. 2013 ൽ. ആളുകൾ അവരുടെ യാത്രാനുഭവങ്ങൾ അയവിറക്കുന്ന ‘ആ യാത്രയിൽ’ എന്നായിരുന്നു പ്രോ​ഗ്രാമിന്റെ പേര്. അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു ഇന്റർവ്യൂ.

പാലാ മരങ്ങാട്ടുപള്ളിയിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി ‘എന്തു ചെയ്യാം, ചേകവനായിപ്പോയല്ലോ?’ എന്ന അരിങ്ങോടർ ഡയലോഗും ആഗസ്ത് 1 ലെ നിക്കോളാസും സാമ്രാജ്യത്തിലെ കൃഷ്ണദാസും നാടോടിക്കാറ്റിലെ പവനായിയും മൈ ഡിയർ കരടിയിലെ എസ് ഐ കേശവനും ഇതാ ഒരു സ്നേഹഗാഥയുമൊക്കെ മനസിൽ നിറഞ്ഞു നിന്നു.

അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പലതും പറഞ്ഞും തമാശകൾ പങ്കുവെച്ചും അദ്ദേഹം നല്ല കൂട്ടായി. ഇതിനിടയ്ക്ക് ഇടവേളയിൽ ഇബ്രാഹിം നബിയെക്കുറിച്ചും വിശുദ്ധജലമായ സംസത്തെക്കുറിച്ചും ഖുർആനിനെക്കുറിച്ചും ബൈബിളിനെക്കുറിച്ചെല്ലാമായി ചർച്ച കുറച്ച് ആധ്യാത്മികമായി തന്നെ നീണ്ടു. ഇടയ്ക്ക് അദ്ദേഹം പുണ്യജലമായ സംസത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ സംസത്തിന്റെ അർഥം ‘മതി മതി, STOP FLOWING’ എന്നാണെന്ന് പറഞ്ഞപ്പോൾ ഞാൻ ‘അങ്ങനെ തന്നെയാണോ?’ എന്ന് ചോദിച്ചു . സത്യത്തിൽ സംസമിനെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചുമല്ലാം അറിയാമായിരുന്നെങ്കിലും സംസമിന്റെ കൃത്യമായ അർഥത്തെക്കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു. അതോടെ ക്യാപ്റ്റൻ രാജു ‘ഇതു തന്നെയാണ് അർഥം, എന്താ സംശയമുണ്ടോ? എന്നാൽ സംശയം മാറ്റിയിട്ടു മതി ബാക്കി ഇന്റർവ്യൂ..’ എന്നായി.

‘വിളിക്ക്, ആരെ വേണമെങ്കിലും വിളിച്ച് ചോദിക്ക്.. പണ്ഡിതരേയോ അറബി അറിയുന്നവരേയോ ആരെ വേണമെങ്കിലും. എന്നിട്ടു ക്യാപ്റ്റൻ രാജുവാണോ നിങ്ങളാണോ ശരിയെന്നു നോക്കാമല്ലോ..’
അദ്ദേഹം പറഞ്ഞു.

ഞാൻ സംശയിക്കണ്ടായിരുന്നു എന്ന ആലോചനയിൽ നിന്നപ്പോൾ ക്യാപ്റ്റൻ ഗൗരവത്തിലാണ്. ‘വിളിക്ക്. നമുക്ക് നോക്കാമല്ലോ.’

ആരെ വിളിക്കണമെന്നാലോചിച്ചപ്പോൾ പെട്ടെന്ന് മനസിൽ വന്നത് ബന്ധുവും അറബിക് അധ്യാപകനും ഇസ്ലാമിക പണ്ഡിതനുമായ സി എച്ച് ഇസ്മായിൽ ഫാറൂഖിയെ. ഉടനെ അദ്ദേഹത്തെ വിളിച്ചു. ഫോൺ അപ്പുറത്ത് നിന്ന് അറ്റൻഡ് ചെയ്ത് കാര്യം അറിയിക്കുന്നതിനു മുമ്പെ, ക്യാപ്റ്റൻ രാജു ഫോൺ കൈയ്യോടെ വാങ്ങി. ശേഷം അദ്ദേഹം തന്റെ ​ഘന​ഗാംഭീര്യസ്വരത്തിൽ സംസാരിക്കാൻ ആരംഭിച്ചു; ‘അസലാമു അലൈകും ഇസ്മായിൽ മാഷേ, ഞാൻ ക്യാപ്റ്റൻ രാജുവാണ് സംസാരിക്കുന്നത്..’

​അപ്പുറത്ത് ഇസ്മായിൽ ഫാറൂഖി ഞെട്ടിയിരിക്കണം, തീർച്ച. സംശയപൂർത്തീകരണത്തിനു ശേഷം പിന്നെയും ഒരുപാട് സംസാരിച്ച് പിരിഞ്ഞെങ്കിലും അവിടെ ചെലവഴിച്ച മണിക്കൂറുകൾ ഇന്നും മനസിലുണ്ട്. ക്യാപ്റ്റൻ രാജുവിനൊപ്പമുള്ള ഒരു ദിനം.

മലയാളത്തിന്റെ പ്രിയനടൻ. മലയാളികൾ ഇന്നും നെഞ്ചോടു ചേർക്കുന്ന ഒരുപിടി കഥാപാത്രങ്ങളുമായും മലയാള സിനിമയിലെ തലയുയയർത്തി നിന്ന ഒരേയൊരു ക്യാപ്റ്റൻ. അവസാനമിറങ്ങിയ, അദ്ദേഹം യാത്രയായതിന് ഒരു വർഷം കഴിഞ്ഞ് റിലീസ് ആയ വലിയ പെരുന്നാൾ എന്ന സിനിമയിലും അദ്ദേഹത്തെ വീണ്ടും അഭ്രപാളിയിൽ കണ്ടപ്പോൾ വീണ്ടും ഓർമകളും ഇരമ്പി.
ഓർമകൾ..

Story Highlights: facebook post about captain raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here