യാത്രക്കാരിലെ ശരീരോഷ്മാവ് പരിശോധിച്ച് കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള സ്മാർട് കണ്ണടയുമായി ദുബായ് പൊലീസ്

പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാരിലെ ശരീരോഷ്മാവ് പരിശോധിച്ച് കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള സ്മാർട് കണ്ണടയുമായി ദുബായ് പൊലീസ്. രോക്കറ്റ് റ്റി വൺ ഇനത്തിലുള്ള കണ്ണടയാണ് ശരീര താപനില മുൻ കൂട്ടി അറിയാൻ സുരക്ഷാ ഉദ്യോഗസ്ഥൻ ഉപയോഗിക്കുന്നത്.
കണ്ണട ഉപയോഗിച്ചുള്ള പരിശോധനയിൽ ശരീരോഷ്മാവ് ഉണ്ടെന്ന് തെളിഞ്ഞാൽ ഉപകരണം മുന്നറിയിപ്പ് ശബ്ദം പുറപ്പെടുവിക്കുന്നതിലൂടെ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിക്കും. ഇത്തരം തെർമൽ സ്‌കാനിംഗിലൂടെ പകർച്ച വ്യാധി തടയുന്ന രീതി മധ്യ പൗരസ്ത്യ നാടുകളിൽ ആദ്യമായാണ് ഉപയോഗിക്കുന്നതെന്ന് ദുബായ് പൊലീസ് പൊതു സുരക്ഷാ വകുപ്പ് തലവൻ ബ്രിഗേഡിയർ ഉബൈദ് അൽ ഹബ്ദൂർ അറിയിച്ചു.
രണ്ട് മീറ്റർ അകലത്തിലുള്ള ഒരാളുടെ ശരീരോഷ്മാവ് അളക്കാൻ കണ്ണടയുടെ സഹായത്തോടെ പൊലീസിന് സാധിക്കും. നടന്ന് പോകുന്നവരുടെയും ശരീര താപനില അളക്കാൻ കഴിയുമെന്നതിനാൽ സ്മാർട്ട് കണ്ണടകൾ വഴിയുള്ള പരിശോധനകൾക്ക് ആളുകൾ നിന്നുകൊടുക്കേണ്ടതില്ല. 1 മിനുട്ടിൽ 100 പേരെ ഇത്തരത്തിൽ പരിശോധിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം നിർമിതബുദ്ധിയുടെ സഹായത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന കണ്ണടകൾ ചൈനയും ഉപയോഗിച്ചിരുന്നു.
story highlights-Dubai Police With Smart Spectacles To Check Body Condition In Travellers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here