വാളയാറിൽ ഇന്നലെ കുടുങ്ങിയ മലയാളികൾക്ക് അടിയന്തര പാസ് നൽകാൻ സർക്കാരിനോട് ഹൈക്കോടതി

highcourt

വാളയാർ അതിർത്തിയിൽ ഇന്നലെ കുടുങ്ങിയ മലയാളികൾക്ക് മാത്രം അടിയന്തരമായി യാത്രാ പാസ് നൽകാൻ ഹൈക്കോടതി നിർദേശം. മറ്റുള്ളവർ പാസില്ലാതെ വരാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. അതിർത്തിയിൽ കുടുങ്ങിയ മലയാളികളുടെ ഹർജിയിലാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകിയത്. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഹൈക്കോടതിക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണം. പാസില്ലാതെ ആരും അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹർജി പരിഗണിച്ചപ്പോൾ തന്നെ ഒരാളേയും പാസില്ലാതെ അതിർത്തി കടത്തി വിടാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. പാസില്ലാതെ കടത്തിവിട്ടാൽ സർക്കാർ ഇതുവരെ സ്വീകരിച്ച നിരീക്ഷണ സംവിധാനം തകരാൻ ഇടയാക്കുമെന്നും സർക്കാർ വാദിച്ചു.

തുടർന്ന് വാളയാറിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മാത്രം പാസ് നൽകാൻ സർക്കാരിനോട് നിർദേശിച്ച കോടതി ഗർഭിണികൾ,കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുടർന്ന് വരുന്ന ചില മാർഗ നിർദേശങ്ങളുണ്ട്. ഇതിൽ മാറ്റം വരുത്താനോ കുറവ് വരുത്താനോ ഇടപെടുന്നതിന് കോടതിക്ക് പരിധിയുണ്ട്. പാസ് ലഭിച്ചൂവെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ യാത്ര പുറപ്പെടാവൂ എന്ന സർക്കാർ നിർദേശം പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

read also:മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തി; 172 ആളുകളെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി

അതേസമയം ഹോട്ട്‌സ്‌പോട്ടിൽ നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് സ്വന്തം നാട്ടിൽ ക്വാറന്റീൻ സൗകര്യമുണ്ടോ എന്ന് പരിശോധിക്കണം. അപേക്ഷിക്കുന്നവർക്ക് പരിശോധനയ്ക്ക് ശേഷം പാസ് നൽകുന്നുണ്ട്. നിലവിൽ 140000 പേർ പാസിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 59000 പേർക്ക് അനുവദിച്ചു. 26000 പേർ നാട്ടിലെത്തിയെന്നും സർക്കാർ അറിയിച്ചു.

Story highlights-hc gov emergency pass valayar check post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top