തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷം; കൊവിഡ് സ്ഥിരീകരിച്ച 669ൽ 509 പേരും ചെന്നൈലുള്ളവർ

ഇന്ന് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച 669ൽ 509 പേരും ചെന്നൈലുള്ളവർ. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ച 47ൽ 28 പേരും ചെന്നൈ നിവാസികളാണ്. ഇന്ന് മൂന്ന് പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ ജില്ലകളിലുള്ള 55ന് മുകളിൽ പ്രായമുള്ള പുരുഷൻമാരാണ് മരിച്ചത്.
കുട്ടികളിലെ കണക്ക് എടുക്കുമ്പോഴും ചെന്നൈയിലെ സ്ഥിതി മോശമല്ല. ചെന്നൈയിൽ മാത്രം ഒമ്പത് വയസിന് താഴെയുള്ള 148 കുട്ടികൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലെ സ്ഥിതി രൂക്ഷമാകുന്നതിനെ തുടർന്ന് ചെന്നൈയിലുള്ള മലയാളികളിൽ ഭൂരിഭാഗവും നാട്ടിലെത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
ചെന്നൈയിൽ ഇന്ന് കൊവിഡ് ബാധിച്ചതിൽ അഞ്ച് പേർ ഡോക്ടർമാരാണ്. ഒരാൾ കിൽപ്പോക്ക് മെഡിക്കൽ കോളജിലും മറ്റ് നാല്‌പേർ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവരാണ്. കോയമ്പേട് മാർക്കറ്റിൽ വന്ന പോയ 26 വ്യാപാരികൾക്ക് ആന്ധ്രയിലെ ചിറ്റൂർ, നെല്ലൂർ, കടപ്പ എന്നിവിടങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,204 ആയി. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും അഞ്ഞൂറിന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. അതേസമയം, സംസ്ഥാനത്താകെ 135 പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ നിന്നും പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Story highlight: Situation in Tamil Nadu Of the 669 covid confirmed, 509 were from Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here