പത്തനംതിട്ടയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഇല്ല ; 1018 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ടയില്‍ ഇന്ന് പുതിയ കൊവിഡ് 19 കേസുകള്‍ ഇല്ല. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ തുടരുന്നവരുടെ എണ്ണം ഒന്‍പത് ആയി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറു പേരും, അടൂര്‍ ജനറല്‍ ആശുപത്രി ഒരാളുമാണ് ഐസൊലേഷനില്‍ തുടരുന്നത്. ഇന്ന് പുതുതായി മൂന്നു പേരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.

ജില്ലയില്‍ ഇതുവരെ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആരും നിലവില്‍ നിരീക്ഷണത്തില്‍ ഇല്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 929 പേരും വിദേശത്തു നിന്ന് തിരിച്ചെത്തിയ 89 പേരുമാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 216 പേരും വിദേശത്തു നിന്ന് 22 പേരുമാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്. ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1018 ആയി.

ജില്ലയില്‍ തിരിച്ചെത്തുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് ഇതുവരെ 43 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ ആകെ 333 പേരെ താമസിപ്പിച്ചിട്ടുണ്ട്. ഇന്ന് 51 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 4655 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4389 എണ്ണം നെഗറ്റീവാണ്. 79 സാമ്പിളുകളുടെ ഫലമാണ് ഇനിയും ലഭിക്കാനുള്ളത്. ജില്ല അതിര്‍ത്തിയില്‍ 15 സ്ഥലങ്ങളിലായി ഇന്ന് 8293 യാത്രകാരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ പത്തനംതിട്ട ജില്ലക്കാരായ 26 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് മാറ്റി.

 

Story Highlights:  covid19, coronavirus, pathanamthitta updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top