അനുമതിയില്ലാതെ വാളയാർ അതിർത്തിയിലെത്തിയ 429 പേർക്ക് കേരളത്തിലേക്ക് കടക്കാൻ അനുവാദം നൽകി ഹൈക്കോടതി

അനുമതിയില്ലാതെ വാളയാർ അതിർത്തിയിലെത്തിയ 429 പേർക്ക് കേരളത്തിലേക്ക് കടക്കാൻ അനുവാദം നൽകി ഹൈക്കോടതി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനുമതിയില്ലാതെ കേരളത്തിലേക്ക് കടക്കാനെത്തിയ ഇവർ അതിർത്തി കടക്കാൻ സാധിക്കാതെ തമിഴ്‌നാട്ടിൽ കുടുങ്ങുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം 429 ഇ-പാസുകളാണ് അനുവദിച്ചിരിക്കുന്നത്. നിലവിൽ തമിഴ്‌നാട്ടിലെ ഷെൽറ്റർ ക്യാമ്പിൽ തങ്ങുന്ന ഇവർക്ക് ഇനി സംസ്ഥാനത്തേക്ക് കടക്കാമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തുന്നത് പരഗിണിച്ച് അതിർത്തികളിലെ സജ്ജീകരണങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുൻ ജിഎസ്ടി ചെക്ക് പോസ്റ്റ് സ്‌ക്രീനിംഗ് സെന്ററായി മാറ്റിയിട്ടുണ്ട്. 500 ഓളം പേർക്ക് ഒരേ സമയം ഇരിക്കാൻ പാകത്തിന് പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ലൈറ്റ്, ഫാൻ, കസേരകൾ അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമസ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വാളയാറിൽ ഒരു ഡോക്ടറും സ്റ്റാഫും അടങ്ങുന്ന മെഡിക്കൽ വിദഗ്ധ സംഘം അതിർത്തി കടന്നെത്തുന്നവരെ പരിശോധിക്കും. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. നിരീക്ഷണം ആവശ്യമുള്ളവരെ നിരീക്ഷണത്തിന് അയയ്ക്കും.
പാസ് വേരിഫിക്കേഷനും ഹെൽത്ത് സ്‌ക്രീനിംഗിനുമായി വാളയാറിൽ 23 കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്തവർക്ക് പ്രത്യേകം രജിസ്‌ട്രേഷൻ കൗണ്ടർ, ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും കറണ്ട് സപ്ലൈ, കുടിവെള്ളം, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ശൗചാലയം, നൂറോളം വാഹനങ്ങൾക്കായി പാർക്കിംഗ്, മുതിർന്നവർക്കും, ഗർഭിണികൾക്കും പ്രത്യേക കൗണ്ടർ എന്നിങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങൾ.
Story Highlights- Walayar, Lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here