സന്തോഷവും സങ്കടവും കലർന്ന നിമിഷം; മഞ്ജു വാര്യരുടെ വിവാഹ ഓർമ ചിത്രങ്ങളുമായി മേക്കപ്പ് ആർട്ടിസ്റ്റ്

നടി മഞ്ജു വാര്യരുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് മേക്കപ്പ് ആർട്ടിസ്റ്റ്. വർഷങ്ങൾക്ക് മുൻപ് വിവാഹത്തിനായി താരത്തെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് അനിലാ ജോസഫാണ് ഓർമ ചിത്രങ്ങൾ പങ്കുവച്ചത്. താരത്തെ വിവാഹത്തിനായി തയാറാക്കിയ ദിവസം മറക്കാൻ സാധിക്കില്ലെന്നും അന്ന് തനിക്ക് സന്തോഷത്തോടൊപ്പം ദുഃഖവുമുണ്ടായിരുന്നു എന്നും സമൂഹമാധ്യമത്തിൽ അനില കുറിച്ചു.
‘മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എനിക്കിപ്പോഴും അതോർമയുണ്ട്. എന്റെ സുഹൃത്തും നിർമാതാവായ കീരിടം ഉണ്ണിയുടെ ഭാര്യയുമായ സരസിജയാണ് മഞ്ജുവിന്റെ മേക്കപ്പിനായി എന്നെ വിളിച്ചത്. അന്ന് മുതൽ നല്ല സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. മഞ്ജു വളരെ വ്യത്യസ്തതയുള്ള വ്യക്തിയാണ്. വളരെയധികം സത്യസന്ധതയും ആത്മാർഥതയും ഉള്ള വ്യക്തിത്വം.
മഞ്ജുവിനെ റിസപ്ഷന് വേണ്ടി ഒരുക്കിയ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നിന്ന് ഒൻപത് വധുക്കളെ ഒരുക്കിയതിന് പിന്നാലെയാണ് ഞാൻ മഞ്ജുവിന്റെ മേക്കപ്പിനായി കൊച്ചിയിലേക്ക് തിരിച്ചത്. കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കാൻ സാധിച്ചു. സാധാരണയായി ഒരു വധുവിനെ മേക്കപ്പ് ചെയ്തു കഴിഞ്ഞാൽ എനിക്ക് സന്തോഷം തോന്നാറാണ് പതിവ്. എന്നാൽ മഞ്ജുവിനെ ഒരുക്കിയ സമയം സങ്കടവും സന്തോഷവും കലർന്ന ഒരു മാനസികാവസ്ഥയായിരുന്നു. കാരണം മലയാള സിനിമയ്ക്ക് ഒരു മികച്ച നടിയെ കൂടി നഷ്ടപ്പെടാൻ പോവുകയാണെന്ന് എന്ന് എനിക്കറിയാമായിരുന്നു. നന്ദി മഞ്ജു, മനോഹരമായ സൗഹൃദത്തിത്തിന്. നീ എന്നും സ്‌പെഷ്യലായിരിക്കും’ അനിലാ ജോസഫ് കുറിച്ചു.
മലയാളത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ അനില മറ്റ് അഭിനേതാക്കളെയും വിവാഹത്തിനും മറ്റുമായി ഒരുക്കിയിട്ടുണ്ട്. ജയറാം- പാർവതി വിവാഹത്തിൽ പാർവതിയെ ഒരുക്കിയതും ഇവരാണ്.
Story highlights-manju warrier,wedding phots, make up artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here