അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സഹായം ഒരുക്കുന്നവര്‍ക്കും എതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

kerala border CORONA

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അതിന് സഹായം ഒരുക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തിയില്‍ പണം വാങ്ങി ആളുകളെ കടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് കാസര്‍ഗോട്ടേക്ക് ആളെ കടത്തുന്ന സംഘം സജീവമാണ്. ഇതിനിടെയാണ് പാസില്ലാതെ ആളുകളെ കടത്തിവിട്ടു എന്ന് വാര്‍ത്ത വരുന്നത്. ഇത്തരം പ്രവണതകള്‍ ഉണ്ടാക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി

മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് മിനി ബസില്‍ പുറപ്പെട്ട് ഒന്‍പതിന് രാത്രി വാളയാറില്‍ എത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 44 കാരന്‍ കൊവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്നയാളും നിരീക്ഷണത്തിലാണ്. മറ്റ് എട്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലാണ്. കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ആളുകള്‍ എത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണ്.

ഒരാള്‍ അങ്ങനെ കടന്നുവന്നാല്‍ ഒരു സമൂഹം ആകെയാണ് പ്രതിസന്ധിയിലാകുന്നത്. ഇക്കാര്യം പറയുമ്പോഴും നിബന്ധനകളെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോഴും മറ്റ് തരത്തില്‍ ചിത്രീകരിക്കരുത്. കര്‍ശനമായി തന്നെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അവര്‍ക്ക് സഹായം ഒരുക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു

കൊവിഡ് 19 മനുഷ്യജീവന്‍ കവര്‍ന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് ചുറ്റമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അവരുടെ വേര്‍പാട് വേദനാജനകമാണ്. ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കുന്നവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെയെല്ലാവരുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതാത് രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മുന്‍കരുതല്‍ നടപടികളുണ്ട്. അവ പിന്തുടരാന്‍ എല്ലാ പ്രവാസി മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തില്‍ പാടില്ല. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്‌പോസ്റ്റുകളിലും എത്തിയ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജില്ലകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ജില്ലകളില്‍ 185 കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക് പോസ്റ്റുകളിലുള്ള ഹെല്‍പ് ഡെസ്‌കുകളിലും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top