മദ്യം പാഴ്‌സലായി വാങ്ങാൻ മൊബൈൽ ആപ്; ഒരു തവണ മദ്യം വാങ്ങിയാൽ അടുത്ത അവസരം 5 ദിവസത്തിന് ശേഷം

ബാറുകളിൽ നിന്നുള്ള പാഴ്‌സൽ വാങ്ങാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. നിരവധി സ്റ്റാർട്ട് അപ്പ് കമ്പനികൾ ടെൻഡറിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് കമ്പനികളെ അവസാന പരിഗണനയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.
കൊവിഡ് പശ്ചാത്തലത്തിൽ മദ്യശാലകളിൽ തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ഇന്നലെയാണ് എക്‌സൈസ് വകുപ്പ് സമർപ്പിച്ച വിർച്വൽ ക്യൂ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകുന്നത്. ഓരോരുത്തർക്കായി അനുവദിച്ച സമയത്ത് മാത്രം കൗണ്ടറിൽ എത്തിച്ചേർന്നാൽ മതിയാകും. ആപ്ലിക്കേഷൻ വഴി മദ്യം ബുക്ക് ചെയ്ത് കൗണ്ടറിൽ നിന്ന് വാങ്ങേണ്ടി വരും.
Read Also : സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചു
തിരക്ക് നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ അധികൃതർ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കൗണ്ടറിനുള്ളിൽ ഒരു സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളു. ഒരാൾക്ക് പരമാവധി മൂന്നു ലിറ്റർ മാത്രമേ നൽകുകയുള്ളു. ഒരു തവണ മദ്യം വാങ്ങിയാൽ അടുത്ത അവസരം 5 ദിവസത്തിന് ശേഷം മാത്രമായിരിക്കും.
മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം മന്ത്രി അറിയിച്ചതിന് പിന്നാലെയാണ് ആപ്ലിക്കേഷൻ സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. മൊത്തം 301 ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക. തിരക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികൾ ആലോചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ എന്ന് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കൂ എന്ന കാര്യത്തിൽ തീരുമാനമാകൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights- mobile app for liquor sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here