ബാങ്ക് വായ്പ മുഴുവനും തിരിച്ചടക്കാം; വീണ്ടും വാഗ്ദാനവുമായി വിജയ് മല്യ

സർക്കാരിനോട് വീണ്ടും അഭ്യർത്ഥനയുമായി കിങ് ഫിഷർ മേധാവി വിജയ് മല്യ. ബാങ്കിൽ നിന്ന് കടമെടുത്ത തുക പൂർണമായും അടച്ചു തീർക്കാമെന്നാണ് വിജയ് മല്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. തനിക്കെതിരെയുള്ള നിയമ നടപടികൾ അവസാനിപ്പിക്കണമെന്നും മല്യ ആവശ്യപ്പെടുന്നു.
കൊവിഡും ലോക്ക് ഡൗണും കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ ദിവസം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പാക്കേജ് നൽകിയ സർക്കാരിനെ മല്യ അഭിനന്ദിച്ചു. സർക്കാരിന് ഇഷ്ടം പോലെ കറൻസി അടിക്കാമെന്നും പക്ഷേ തന്നെപ്പോലൊരു ചെറിയ ദാതാവിന്റെ ആവശ്യം അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും മല്യ പറഞ്ഞു. തുടരെ ആവശ്യപ്പെട്ടിട്ടും ബാങ്ക് വായ്പ തിരിച്ചടക്കാൻ സമ്മതം തരാത്തത് എന്തുകൊണ്ടാണെന്നും മല്യ ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം ചോദിച്ചിരിക്കുന്നത്.
Congratulations to the Government for a Covid 19 relief package. They can print as much currency as they want BUT should a small contributor like me who offers 100% payback of State owned Bank loans be constantly ignored ? Please take my money unconditionally and close.
— Vijay Mallya (@TheVijayMallya) May 14, 2020
‘കൊവിഡ് റിലീഫ് പാക്കേജ് പ്രഖ്യാപിച്ച സർക്കാരിന് അഭിനന്ദനങ്ങൾ. അവർക്ക് എത്ര വേണമെങ്കിലും കറൻസി പ്രിന്റ് ചെയ്യാം. പക്ഷെ എന്നെ പോലെ ചെറിയൊരു ദാതാവ് 100 ശതമാനം ലോൺ തിരിച്ചടവ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് വാഗ്ദാനം ചെയ്യുമ്പോൾ തുടർച്ചയായി അവഗണിക്കപ്പെടേണ്ടതാണോ? ദയവായി എന്റെ പണം യാതൊരു നിബന്ധനയും കൂടാതെ തിരിച്ചെടുത്ത് ബാധ്യതകൾ തീർക്കണം.’മല്യ ട്വിറ്ററിൽ കുറിച്ചു.
9000 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസാണ് വിജയ് മല്യയുടെ പേരിലുള്ളത്. എന്നാൽ മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകേണ്ട ആദായ നികുതി വകുപ്പോ, ബാങ്കുകളോ ഇതുവരെ മല്യയുടെ വാഗ്ദാനത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
Story highlights-vijay mallya offers to return money again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here