‘ആളുകൾ വീടിനു നേർക്ക് കല്ലെറിഞ്ഞു; ഞാൻ വില്ലനായതു പോലെ തോന്നി’: 2014 ലോകകപ്പ് തോൽവിയെപ്പറ്റി യുവരാജ് സിംഗ് പറയുന്നു

yuvraj

2014 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ക്യാൻസറിനെ തോൽപിച്ച് ടീമിലെത്തിയ യുവരാജ് സിംഗിലായിരുന്നു ആരാധകരുടെ പ്രതീക്ഷകൾ. എന്നാൽ ആ പ്രതീക്ഷക്കൊത്ത് ബാറ്റ് വീശാൻ താരത്തിന് സാധിച്ചില്ല. ശ്രീലങ്കക്കെതിരായ ഫൈനലിൽ 21 പന്തിൽ 11 റൺസ് മാത്രമായിരുന്നു യുവി നേടിയത്.

ഈ ഇന്നിംഗ്സിൻ്റെ പേരിൽ യുവരാജ് ഒരുപാട് ക്രൂശിക്കപ്പെട്ടു. ഇതിനു ശേഷം കരിയർ അവസാനിച്ചു എന്നുവരെ കരുതിയിരുന്നെന്ന് യുവരാജ് സിംഗ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആരാധകർ ഒരുപാട് വിമർശിച്ചു എന്നും അവർ വീടിനു നേർക്ക് കല്ലെറിഞ്ഞു എന്നും യുവി വിശദീകരിച്ചു.

“അതു സാധാരണ ഒരു മത്സരമായിരുന്നെങ്കിൽ ഇത്രേയും വിമർശനങ്ങൾ കേൾക്കേണ്ടി വരുമായിരുന്നില്ല. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു വില്ലനെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ ഇന്നിംഗ്സിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചില്ല. ആരാധകർ എൻ്റെ വീടിനു നേരെ കല്ലെറിഞ്ഞു. ജയിലിൽ പോകാൻ തയ്യാറായി നിൽക്കുന്ന ഒരു കൊലപാതകിയെപ്പോലെയാണ് അന്ന് എന്നെപ്പറ്റി എനിക്കു തോന്നിയത്. ആ സമയത്ത് കരിയര്‍ അവസാനിച്ചെന്നുവരെ തോന്നിപ്പോയി”- യുവരാജ് പറയുന്നു.

read also:‘ശരിക്കും എന്തായിരുന്നു നിങ്ങളുടെ പ്ലാൻ?’ സെലക്ഷൻ കമ്മറ്റിക്കെതിരെ വിമർശനവുമായി യുവരാജ് സിംഗ്

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനേ സാധിച്ചുള്ളൂ. 77 റൺസെടുത്ത വിരാട് കോലിയായിരുന്നു ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയവും ലോകകപ്പും സ്വന്തമാക്കിയിരുന്നു.

Story highlights-yuvraj sing 2014 t-20 world cupനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More