ബാറുകളിലെ കൗണ്ടര്‍ മദ്യവിൽപന: സർക്കാർ തീരുമാനത്തിന് പിന്നിൽ ശതകോടികളുടെ അഴിമതി: മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappally ramachandran

ബാറുകളില്‍ കൗണ്ടര്‍ തുറന്ന് മദ്യം വില്‍ക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശതകോടികളുടെ അഴിമതിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മദ്യലോബിയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണിത്. 600ലധികം ബാറുകള്‍ക്ക് പിണറായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ചില്ലറ വിൽപനയ്ക്ക് അനുമതി നല്‍കിയത് ലൈസന്‍സ് ഫീസ് ഈടാക്കാതെയാണ്. സംസ്ഥാനത്തെ 600 ല്‍പരം ബാറുകള്‍ക്ക് പ്രതിവര്‍ഷം 30 ലക്ഷം രൂപ വീതമാണ് ലൈസന്‍സ് ഫീസ്. എന്നാലിപ്പോള്‍ ഫീസൊന്നും ഈടാക്കാതെയാണ് റീടെയിലായി മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയത്. ഇതിന് പിന്നില്‍ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതുസംബന്ധമായി നടന്ന എല്ലാ രഹസ്യങ്ങളും പുറത്ത് കൊണ്ടുവരണമെങ്കില്‍ സിബിഐ തന്നെ ഈ ഇടപാട് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

1999 ല്‍ അവസാന ലേലം നടക്കുമ്പോള്‍ 50 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെയാണ് ഓരോ ഷോപ്പും ലേലത്തില്‍ പോയിരുന്നത്. 21 വര്‍ഷം കഴിയുമ്പോള്‍ ഇത് ലേലത്തില്‍ കൊടുത്താല്‍ ഒരു ഷോപ്പിന് പ്രതിവര്‍ഷം മിനിമം അഞ്ച് കോടിയെങ്കിലും കിട്ടുമായിരുന്നു. അതാണ് ഒരു ഫീസും ഈടാക്കാതെ ബാര്‍ മുതലാളിമാരുടെ കാല്‍ക്കീഴില്‍ കൊണ്ടുവച്ച് കൊടുത്തത്.1999 മുതല്‍ സംസ്ഥാനത്തെ മദ്യത്തിന്റെ വിതരണം ബിവറേജ് കോര്‍പറേഷന്‍ വഴി സര്‍ക്കാരാണ് നടത്തുന്നത്. അതുവരെ റീട്ടെയില്‍ ഷോപ്പുകള്‍ ലേലം ചെയ്താണ് കൊടുത്തിരുന്നത്. മദ്യവിതരണത്തില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം തകര്‍ത്ത് അത് സ്വകാര്യമേഖലയിലേക്ക് കൈമാറാനുള്ള നീക്കം നാടിനെ അപകടത്തിലേക്ക് നയിക്കും. വ്യാജമദ്യത്തിന്റെ ഒഴുക്ക് ഉണ്ടാകാന്‍ ഇടയാക്കുന്ന ആപത്കരമായ തീരുമാനമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights: mullapally ramachandran,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top