കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം നാളെ തിരുവനന്തപുരത്ത് ചേരും

അനിശ്ചിതത്വത്തിനൊടുവിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഇനി രാഷ്ട്രീയകാര്യ സമിതി ചേരില്ലെന്ന് നിലപാടെടുത്ത കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വഴങ്ങിയതോടെയാണ് യോഗം കൂടാനുളള ധാരണയായത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും കെപിസിസി ഭാരവാഹികളുടെ ചുമതല നിശ്ചയിക്കലുമാണ് പ്രധാന അജണ്ട.

കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന സമിതി യോഗത്തിൽ മുല്ലപ്പളളി രാമചന്ദ്രനെതിരെ ഉയർന്ന വിമർശനങ്ങൾ വാർത്തയായത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ഇനി രാഷ്ട്രീയകാര്യ സമിതി ചേരാനില്ലെന്ന് അദ്ദേഹം നിലപാട് കടുപ്പിക്കുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന് മുല്ലപ്പളളി പരാതിയും നൽകിയിരുന്നു. എന്നാൽ, മുതിർന്ന നേതാക്കൾ തമ്മിൽ നടന്ന കൂടിയാലോചനകളിൽ മുല്ലപ്പളളി രാമചന്ദ്രൻ വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സമിതി യോഗം ചേരുന്നത്. മുതിർന്ന അംഗങ്ങൾ മാത്രമുളള സമിതിയിൽ അതിന്റെ ഗൗരവത്തിന് നിരക്കാത്ത സമീപനം അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന ഉപാധിയോടെയാണ് മുല്ലപ്പളളി നിലപാട് മയപ്പെടുത്തിയത്. നാളെ രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും. കെപിസിസി ഭാരവാഹികൾ ചുമതലയേറ്റ് മൂന്നുമാസമായിട്ടും അവരുടെ ചുമതലകൾ വിഭജിച്ച് നൽകിയിട്ടില്ല. ഇക്കാര്യവും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം കലർത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആക്രമണത്തിനും യോഗം രൂപം നൽകിയേക്കും.

Story highlight: KPCC Political Committee Meeting to be held in Thiruvananthapuramനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More