പൂന്നയൂർക്കുളത്തെ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃശൂർ കളക്ടർ

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ്. പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ പുന്നയൂർക്കുളം പഞ്ചായത്തിനെയും ഉൾപ്പെടുത്തിയിരുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയതിനെ തുടർന്നാണ് കളക്ടറുടെ സന്ദേശം.
പുന്നയൂർക്കുളം സ്വദേശികളായ രണ്ട് പേർക്ക് മെയ് പത്തിന് കൊവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിദേശത്ത് നിന്നെത്തിയ ഇവർ ഗുരുവായൂരിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലായിരുന്നപ്പോഴാണ് പരിശോധനാ ഫലം പോസിറ്റീവാകുകയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണിവർ. രോഗം സ്ഥിരീകരിച്ചവർ പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിൽ എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുന്നയൂർക്കുളത്ത് ഹോട്ട്സ്‌പോട്ട് നടപടികൾ വേണ്ടതില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചത്.
read also:കൊവിഡ് പരിശോധനയ്ക്ക് സഞ്ചരിക്കുന്ന ആശുപത്രികളുമായി തൃശൂർ ജില്ലാഭരണകൂടം
അതേസമയം സംസ്ഥാനത്ത് ഇന്ന് പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ട്, കൊല്ലം, കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗമുക്തിയില്ല. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും നാല് പേർ തമിഴ്‌നാട്ടിൽ നിന്നും, രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവരുമാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story highlights-punnayurkkulam not covid hotspot, collector thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here