അജ്മീരിലെ ഭീമൻ അണ്ടാവിന്റെ കഥ; ഫേസ്ബുക്ക് കുറിപ്പ്

ajmir deg

രാജസ്ഥാനിലെ അജ്മീർ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പ്രമുഖ സൂഫിവര്യനും ഇസ്ലാം പണ്ഡിതനുമായിരുന്ന മുഹിനുദ്ദീൻ ചിസ്തിയുടെ കല്ലറയാണ് അജ്മീറിലെ പ്രധാന ആകർഷണം. വിവിധ മത, ജാതികളിൽ പെട്ട ആളുകൾ ഇവിടം സന്ദർശിക്കാറുണ്ട്. ദർഗയിലെ ഭീമൻ അണ്ടാവ് ലോകപ്രശസ്തമാണ്. ഒരു സമയം 4800 കിലോ ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന ഈ അണ്ടാവിൻ്റെ ചരിത്രം പറയുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ, സിദ്ദീഖ് പടപ്പിൽ എന്നയാളാണ് ഈ ചരിത്രം പങ്കുവച്ചത്.

ആ ചരിത്രം വായിക്കാം:

അജ്മീരിലെ ഭീമൻ അണ്ടാവ്

അജ്മീറിലെ ഈ ഭീമൻ അണ്ടാവ് ആദ്യമായി കാണുന്നത് മണിയറ എന്ന മമ്മൂട്ടി ചിത്രത്തിലായിരുന്നു. കുട്ടിയുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കാൻ അജ്മീർ ദർഗയിലെത്തിയ മമ്മൂട്ടയിലെ നായക കഥാപാത്രം, അവിടെ കൂടിയിരുന്ന ഒരു സ്ത്രീയുടെ കയ്യിൽ നിന്ന് ഒരാൺ കുട്ടി തിളച്ചു മറിയുന്ന ഭീമൻ അണ്ടാവിലേക്ക് വഴുതി വീഴുന്ന സീൻ ഒരു പാട്ടിൽ ഉൾപ്പെടുത്തിയിരുന്നു. അവിടത്തെ സൂഫിയുടെ അത്ഭുത ശക്തിയാൽ ഒരു പോറലുമേൽക്കാതെ കുട്ടി തിരിച്ചു മാതാവിന്റെ കയ്യിൽ എത്തുന്നതോടെ പാട്ടും തീരുന്നു, ഷമീർ എന്ന കഥാപാത്രത്തിന്റെ വിശ്വാസം വാനോളമുയരുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണല്ലോ അജ്മീർ. പ്രമുഖ സൂഫിവര്യനും ഇസ്ലാം പണ്ഡിതനുമായിരുന്ന മുഹിനുദ്ദീൻ ചിസ്തിയുടെ കല്ലറ സന്ദർശിക്കാനും അവിടത്തെ കാഴ്ചകൾ കാണാനുമാണ് വിവിധ മത ജാതികളിൽ പെട്ട ജനങ്ങൾ അവിടം സന്ദർശിക്കുന്നത്. ഇസ്ലാം മതം ഇന്ത്യയിൽ ഇത്രയധികം വേരൂന്നാൻ കാരണമായ മുഹിനുദ്ധീൻ, ഖാജാ ഖരീബ്‌ നവാസ് (പാവങ്ങളുടെ സംരക്ഷകൻ) എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ‘അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്നു’ എന്ന അറബി വാക്യത്തിന്റെ പ്രതീകമായി ചിലർ 786 എന്ന അക്കങ്ങൾ എഴുതുന്നത് പോലെ Khwaja Garib Nawaz എന്നതിന്റെ ചുരുക്കെഴുത്തായ KGN എന്ന് വീടുകളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും പുറത്ത് എഴുതി വെക്കുക ഉത്തരേന്ത്യയിൽ സാധാരണമാണ്. പാവങ്ങളുടെ സംരക്ഷകനെ പ്രീതിപ്പെടുത്തിയാൽ അപകടങ്ങളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടാമെന്ന വിശ്വാസമാണ് ഇങ്ങനെയെഴുതാനുള്ള കാരണം.

വിഷയം അതല്ലല്ലോ, അണ്ടാവിലേക്ക് വരാം. 1142 ൽ ഇറാനിൽ ജനിച്ച മുഹീനുദ്ദീൻ തന്റെ 52 ആം വയസ്സിലാണ് മക്കയും മദീനയും സന്ദർശിച്ചു ബാഗ്ദാദ് വഴി ലാഹോറിലും പിന്നീട് ഡൽഹിയിലും എത്തുന്നത്. ശേഷം അജ്‌മീർ എന്ന പ്രദേശത്ത് സ്ഥിര താമസമാക്കിയ സൂഫിക്ക്, തന്റെ അത്ഭുത സിദ്ധികളാലും വ്യക്തി വൈശിഷ്ട്യം കൊണ്ടും പ്രദേശവാസികളെയടക്കം നാനാദേശത്തുള്ളവരെ തന്നിലേക്കു ആകർഷിപ്പിക്കാനായി എന്നാണ് ചരിത്രം. 1236 ൽ 96ആം വയസ്സിൽ മരണപ്പെട്ടപ്പോൾ ചെറിയൊരു മരക്കൂട് ഉണ്ടായിരുന്ന കല്ലറയെ കുറച്ചു കൂടി വിപുലമായി പണിതത് 1332 ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ഇബ്ൻ തുഗ്ലക് ആയിരുന്നുവത്രെ.

1455 ൽ മാൾവാ സുൽത്താൻ മഹമൂദ് ഖിൽജി അജ്മീർ കീഴടക്കിയപ്പോഴാണ് കല്ലറയ്ക്ക് മേലെ കരിങ്കല്ല് കൊണ്ട് മേൽപാവ് പണിതത് എന്ന് ചരിത്രകാരൻ ബ്രൂസ് ബി. ലോറൻസ്, തന്റെ സൂഫി മാർട്ടിയേർസ് ഓഫ് ലവ് എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഇന്ന് നമ്മൾ കാണുന്ന താഴികക്കുടം പണിതത് 1532 ലാണെന്ന് കല്ലറയുടെ വടക്കേ ചുമരിൽ എഴുതി വെച്ചിട്ടുണ്ട്. താഴികക്കുടത്തിൽ ദൃശ്യമാവുന്ന താമരയുടെ ആകൃതിയിലുള്ള സ്വർണ്ണക്കിരീടം സമ്മാനിച്ചത് രാംപൂർ നവാബ് ആയിരുന്ന ഹൈദരലി ഖാൻ ആയിരുന്നു.

നായാട്ടിന് പോയി മടങ്ങി വരും വഴി, അജ്മീരിലെ ഖാജയെ വാഴ്ത്തുന്നത് കേൾക്കാനിടയായ അക്ബർ ചക്രവർത്തി ഇവിടം സന്ദർശിക്കുന്നത് 1562 ൽ. ശേഷം എല്ലാ വർഷവും അജ്മീരിൽ എത്തിയിരുന്ന അക്ബർ ചക്രവർത്തിയായിരുന്നു ഈ സമാധി പീഠത്തിലെ ബാക്കി മിനുക്ക് പണികളൊക്കെ ചെയ്തത്. ബാർമൽ രാജാവിന്റെ മകളെ വിവാഹം കഴിക്കുന്നതും ഇതേ വർഷം തന്നെയായിരുന്നു. തനിക്കൊരു പിൻഗാമിയായി ഒരു പുത്രന്ന് വേണ്ടി അക്ബർ പ്രാർത്ഥിച്ചിരുന്നത് അജ്മീരിലെ ഈ ദർഗയിൽ ചെന്നാണെത്രെ. ജനിച്ച മകന്ന് സലിം (ജഹാംഗീർ) എന്ന് പേര് നല്കപ്പെട്ടതും അജ്മീരിലെ മുഹീനുദ്ദീൻ ചിസ്തിയോടുള്ള കടപ്പാട് മൂലമാണെന്നും പറയുന്നു.

1569 ൽ അക്ബർ, ചുവന്ന കല്ല് കൊണ്ട് ദർഗയുടെ കിഴക്ക് വശം ഒരു മസ്ജിദ് പണിതപ്പോൾ, 1637 ൽ ദർഗയുടെ പടിഞ്ഞാർ വശം മറ്റൊരു മനോഹരമായ പ്രാർത്ഥനാലയം പണിതത് ഷാജഹാൻ ചക്രവർത്തിയായിരുന്നു. ദർഗ സന്ദർശിക്കുന്ന തീർത്ഥാടകർക്കായി ലംഗാർ അടുക്കളകൾ പണിതതും അക്ബറിന്റെ കാലത്തായിരുന്നു. ദിവസവും പതിനായിരങ്ങൾക്ക് ഭക്ഷണം നൽകാനായി വലിയൊരു പിച്ചള ചട്ടി, അണ്ടാവ് ദർഗയിലേക്ക് സമ്മാനിക്കുന്നതും അക്ബർ തന്നെ. മകൻ ജഹാംഗീറിന്റെ കാലത്ത് മറ്റൊരു അണ്ടാവ് കൂടി ദർഗയിലേക്ക് സമർപ്പിക്കുകയുണ്ടായി.

read also:കൂട്ടുകാരൻ മുറിയിൽ നിന്നിറക്കി വിട്ടു; കൊച്ചിയിൽ നിന്ന് കൊടുങ്ങല്ലൂർ വരെ കാൽനട; പിന്നീട് വയനാട് വരെ വിവിധ വാഹനങ്ങളിൽ ലിഫ്റ്റ്; കുറിപ്പ്

ആദ്യകാലത്ത് ഭക്ഷണം നൽകാനായിരുന്നു ഈ വലിയ അണ്ടാവ് ഉപയോഗിച്ചിരുന്നത്. പിന്നീട് പുണ്യസന്ദർശനം നടത്തുന്നവർക്കുള്ള നിയാസ് (പ്രസാദം) എന്ന രീതിയിലേക്ക് മാറി. അരി, പഞ്ചസാര, കുങ്കുമം, വെണ്ണ, ഡ്രൈ ഫ്രൂട്ട്സ് ഒക്കെ ചേർത്തുള്ള കിച്ച്ഡി യാണ് ഇവിടെ പ്രധാനാമായും പാകം ചെയ്യുന്നത്. 13 കോൽ വ്യാസമുള്ള വലിയ അണ്ടാവിൽ ഒരേ സമയം 4,800 കിലോ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചെറിയ അണ്ടാവിൽ 2,900 കിലോ ഭക്ഷണവും. വിശേഷാവസരങ്ങളിലും ഉറൂസ് മാസങ്ങളിലുമാണ് ഒരേ സമയം രണ്ട് അണ്ടാവിലും ഭക്ഷണം ഉണ്ടാക്കുന്നത്. സാധാരണ ദിവസങ്ങളിൽ വലിയ അണ്ടാവിന്റെ പകുതി മാത്രമേ ഉണ്ടാക്കാറുള്ളൂ. 450 വർഷങ്ങളിലേറെയായി തുടർന്ന് വരുന്ന ഈ വലിയ ഭക്ഷണ പത്രങ്ങളും പാചകവും ഏറെ പേരെ ഇന്നും ആകർഷിക്കുന്നുണ്ട്.

Story highlights-ajmir deg history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top