Advertisement

കൊവിഡ്: കേരളത്തിന്റെ പ്രതിരോധ മാതൃക മനസിലാക്കാന്‍ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി

May 18, 2020
Google News 2 minutes Read
covid19 Kerala Model Maharashtra Health Minister held a discussion.

കൊവിഡ് 19 കേരളത്തിന്റെ പ്രതിരോധ മാതൃക മനസിലാക്കാന്‍ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ മന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തി. വിഡിയോ കോണ്‍ഫറസിലൂടെയാണ് ചര്‍ച്ച നടത്തിയത്. കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍, ഗൈഡ് ലൈന്‍സ്, ചികിത്സ, പരിശോധനകള്‍ എന്നിവ മനസിലാക്കാനായിരുന്നു ചര്‍ച്ച.

കൊവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തില്‍ മഹാരാഷ്ട്ര, തെലുങ്കാന, ഒഡീഷ, ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേരളം സ്വീകരിച്ച നടപടികള്‍ സസൂക്ഷ്മം പഠിച്ചിരുന്നു. കര്‍ണാടക അടുത്തിടെ വീണ്ടും ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്ര വീണ്ടും ബന്ധപ്പെടുന്നത്. ധാരാവി പോലെയുള്ള ചേരി പ്രദേശങ്ങളില്‍ സാമൂഹിക അകലം  പാലിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവുമധികം കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. മരണം കുറയ്ക്കുന്നതിനും രോഗം പകരാതിരിക്കാനും സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും പരമാവധി ശ്രമിക്കുന്നുണ്ട്. കൊവിഡിനോടൊപ്പം മറ്റ് പല രോഗങ്ങളും വരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്രയൊക്കെ കൊവിഡ് കേസുണ്ടായിരുന്നിട്ടും കേരളത്തില്‍ മരണസംഖ്യ കുറയ്ക്കാനും മികച്ച ക്വാറന്റീന്‍ സംവിധാനത്തോടെ നിയന്ത്രണ വിധേയമാക്കാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. പ്ലാസ്മ ചികിത്സയിലുള്‍പ്പെടെ കേരളത്തിന് മുന്നേറാനായതും പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കേരളം നടപ്പിലാക്കിയ മോട്ടിവേഷന്‍ കാമ്പയിനെപ്പറ്റി മന്ത്രി രാജേഷ് ഭയ്യ ടോപ്പെ താത്പര്യത്തോടെ മനസിലാക്കി. ആരോഗ്യ മന്ത്രി നേരിട്ടും മോഹന്‍ലാല്‍, ജയറാം, ഫഹദ് ഫാസില്‍, ടോവിനോ, കെഎസ് ചിത്ര ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുക്കുന്ന കാമ്പയിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ഇത് ഏറെ പുതിയ അനുഭവമാണെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു. ആശുപത്രി പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, പ്രതിരോധ സംവിധാനങ്ങള്‍, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, ലോക്ക്ഡൗണ്‍ എന്നീ കാര്യങ്ങളും ദീര്‍ഘമായി ചര്‍ച്ച ചെയ്തു.

 

Story Highlights: covid19 Kerala Model Maharashtra Health Minister held a discussion.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here